കാറളം: കാർഷിക മേഖലയെ ആശങ്കയിലാക്കി, പെരുകുന്ന ആഫ്രിക്കൻ ഒച്ചുകളെ കൂട്ടത്തോടെ പിടികൂടാൻ ജൈവക്കെണിയുമായി കാറളത്തെ കർഷകർ. കാബേജിന്റെ പുറംഭാഗമോ, കോളിഫ്‌ളവറിന്റെ രണ്ടോ മൂന്നോ ഇലകളോ ഈർപ്പത്തോടെ പ്ലാസ്റ്റിക് കിറ്റിലേക്കാക്കി, ആഫ്രിക്കൻ ഒച്ചിന്റെ സാന്നിദ്ധ്യമുള്ള ഇടത്ത് ചെറിയൊരു കുഴിയുണ്ടാക്കി, കിറ്റ് തുറന്നിരിക്കും വിധം സ്ഥാപിക്കും. ഏതാനും മണിക്കൂറുകൾക്കകം സമീപത്തെ ഒച്ചുകൾ ഒന്നിന് പിറകെയെന്നോണം കൂട്ടമായെത്തി ഇതിൽ അടിഞ്ഞുകൂടും. ഈ കിറ്റ് ഉപ്പ് ലായനിയിലേക്കിട്ടാൽ ഇവയെ നശിപ്പിക്കാം. ഇത്തരത്തിൽ സ്വന്തം വീട്ടുവളപ്പിൽ കെണിയൊരുക്കിയ കാറളത്തെ കൃഷിക്കാരൻ അശോകന് ആദ്യദിനം ലഭിച്ചത് അൻപതോളം ഒച്ചുകളെയാണ്. തൊട്ടടുത്ത ദിവസങ്ങളിലും പരീക്ഷണം ആവർത്തിച്ചതോടെ ഒച്ച് ശല്യം നന്നേ കുറഞ്ഞതായും അദ്ദേഹം പറയുന്നു. വലിയ പണച്ചെലവില്ലാതെ പരീക്ഷിക്കാവുന്ന മാതൃക സംസ്ഥാനത്തെമ്പാടും ഉപയോഗിക്കാനായാൽ വളരെ പെട്ടെന്ന് ഒച്ചിന്റെ വ്യാപനം തടയാനാകുമെന്ന് പൊയ്യാറ അശോകൻ കേരളകൗമുദിയോട് പറഞ്ഞു. വൈകീട്ട് 5-6 മണിയോടെ വയ്ക്കുന്ന കെണിയിൽ നിന്നും രാത്രി ഒൻപത്, ഒൻപതരയോടെ ഇവയെ നീക്കം ചെയ്യാം.
അധിനിവേശ ജീവി
അക്കാറ്റിന ഫുലിക്ക എന്ന ശാസ്ത്രനാമമുള്ള ആഫ്രിക്കൻ ഒച്ച് കിഴക്കൻ ആഫ്രിക്കയിൽ നിന്നെത്തിയതും ജൈവാധിനിവേശത്തിന്റെ നല്ല ഉദാഹരണവുമാണ്. ലോലവും ആർദ്രവുമാണ് ഇവയുടെ ശരീരമെന്നതിനാൽ വെയിൽ കൊണ്ടാൽ വരണ്ടുപോകും. അതിനാൽ രാത്രിയാണ് ഇവ സജീവമാകുക. മേഘം മൂടിയ സമയത്തും മഴക്കാലത്തും പകലും ഇവർ ഇര തേടിയിറങ്ങും. അല്ലാത്തപ്പോൾ പകൽ സമയത്ത് മണ്ണിലോ, ഇലകൾക്കും മരത്തടികൾക്കും അടിയിലോ, വിള്ളലുകളിലോ ഒളിച്ച് കഴിയും. കര ഒച്ചുകൾ പൊതുവെ സസ്യഭുക്കാണ്. ഇലകളും മരത്തൊലിയും ചുരണ്ടിത്തിന്നാണ് വയറുനിറക്കുന്നത്. പൂന്തോട്ടങ്ങളിലും, കൃഷിയിടങ്ങളിലും ഇളം ചെടികളുടെ ഇലയും പൂവും തടിയുമൊക്കെ തിന്നു തീർക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |