
ഗുരുവായൂർ: അടിസ്ഥാന സൗകര്യ വികസനത്തിന്റെ അഭാവം മൂലം തിരക്കേറിയ ദിവസങ്ങളിൽ ദർശനത്തിന് ഊഴം കാത്ത് നിൽക്കേണ്ടി വരുന്നത് മണിക്കൂറുകളോളം. പിഞ്ചുകുഞ്ഞുങ്ങളും പ്രായമേറിയവരുമടങ്ങുന്ന കുടുംബങ്ങൾ പോലും മണിക്കൂറുകളോളമാണ് ക്യൂവിൽ നിൽക്കുന്നത്. ഭക്തർക്ക് വരി നിൽക്കാൻ സൗകര്യമൊരുക്കണമെന്ന ഹൈക്കോടതി വിധി കൂടി വന്നതോടെ തിരുപ്പതി മാതൃകയിൽ ക്യൂ കോംപ്ലക്‌സ് നിർമ്മിക്കണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു. ക്ഷേത്രനടയിൽ ക്യൂ പന്തൽ ഉണ്ടെങ്കിലും അവധി ദിവസങ്ങളിൽ വരി, ഗുരുവായൂരപ്പൻ ഓഡിറ്റോറിയവും കഴിഞ്ഞ് പടിഞ്ഞാറെ ഇന്നർ റിംഗ് റോഡിലെത്തും. തെക്കേ നടപ്പന്തൽ കഴിഞ്ഞാൽ ഇരിക്കാൻ സൗകര്യമില്ല. ബാഗും ഫോണും ചെരുപ്പും ക്ലോക്ക് റൂമിൽ ഏൽപ്പിക്കുന്നതിനും വരി നിൽക്കണം. ദർശനം കഴിഞ്ഞാൽ വഴിപാട് ശീട്ടാക്കാനും പ്രസാദം വാങ്ങാനുമായി വീണ്ടും വരി. ബാഗ് തിരികെ വാങ്ങാനും ക്ളോക്ക് റൂമിനു മുന്നിൽ വരി. ക്യൂ കോംപ്ലക്‌സ് വന്നാൽ ഇതിനെല്ലാം പരിഹാരമാകും.
മാഫിയകളെ നിയന്ത്രിക്കാം
ചില ലോഡ്ജുകൾ മുറിയെടുക്കുന്നവർക്ക് ദർശനത്തിന് സൗകര്യമൊരുക്കുന്നുണ്ട്. ദേവസ്വവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് സൗകര്യമൊരുക്കുന്നത്. ഒരാൾക്ക് 500 മുതൽ വിവിധ നിരക്കാണ് ഈടാക്കുക. ദേവസ്വം നേരിട്ട് ഫീസ് ഈടാക്കി ദർശന സൗകര്യമൊരുക്കുന്നതോടെ ഇത്തരക്കാരെ നിയന്ത്രിക്കാം. ദേവസ്വത്തിന് വരുമാനവുമാകും.
തിരുപ്പതി മാതൃക
ക്യൂവിൽ പ്രവേശിക്കുന്ന ഭക്തർക്ക് ദർശനത്തിനായി അവരുടെ ഊഴം വരും വരെ വിശ്രമിക്കാം.
വരിയിൽ നിൽക്കുമ്പോഴേ വഴിപാടുകൾ ശീട്ടാക്കാം
പ്രാഥമിക ആവശ്യങ്ങൾക്ക് സൗകര്യം, ലഘുഭക്ഷണശാല
തിരക്ക് കുറയ്ക്കാൻ ദർശനത്തിന് ഫീസ് ഈടാക്കാം
തരാതരം പോലെ പദ്ധതികൾ
1. തോട്ടത്തിൽ രവീന്ദ്രൻ ചെയർമാൻ : (ഇടതുപക്ഷ ഭരണസമിതി) തെക്കുഭാഗത്ത് ദേവസ്വം ഏറ്റെടുത്ത ഭൂമിയിൽ ക്യൂ കോംപ്ലക്‌സ് നിർമ്മിക്കാൻ ആലോചന
2. ടി.വി.ചന്ദ്രമോഹൻ ചെയർമാൻ : (കോൺഗ്രസ് ഭരണസമിതി) കിഴക്കേ നടയിലെ വൈജയന്തി കോംപ്ലക്‌സ് ക്യൂ കോംപ്ലക്‌സ് ആക്കാൻ ആലോചന.
പിന്നീട് പഴയ സത്രം പരിസരം- സമീപത്തെ ദേവസ്വം സ്ഥലം എന്നിവിടങ്ങളിലായി ക്യൂ കോംപ്ലസ്- പാർക്കിംഗ് സമുച്ചയം പദ്ധതി
ശിലാസ്ഥാപനം : മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എസ്റ്റിമേറ്റ് 125 കോടി, രണ്ട് വർഷം കൊണ്ട് നിർമ്മാണം.
പഴയ സത്രം ബ്ലോക്ക് പൊളിക്കുന്നതിനെതിരെ വ്യാപാരികൾ സമരത്തിൽ, ഹർജിയുമായി ഹൈക്കോടതിയിൽ
3. വി.കെ.വിജയൻ ചെയർമാൻ : തെക്കേനടയിലെ ഫ്രീ സത്രം കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടെ ക്യൂ കോംപ്ലക്‌സ്
വരി നിൽക്കാൻ തെക്കേനടപന്തലിന് മുകളിലൂടെ ഫ്‌ളൈ ഓവർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |