
തൃശൂർ: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നലെ കഴിഞ്ഞതോടെ വിമതരുടെ ചിത്രം തെളിഞ്ഞു. കോർപറേഷനിൽ എല്ലാ മുന്നണികൾക്കുമെതിരെ വിമതർ രംഗത്തുണ്ട്. എടക്കുന്നി, ഒല്ലൂർ സെന്റർ, കുരിയച്ചിറ, മിഷൻ ക്വാർട്ടേഴ്‌സ്, പൂത്തോൾ, പാട്ടുരായ്ക്കൽ എന്നിവിടങ്ങളിലാണ് യു.ഡി.എഫിന് വിമത സ്ഥാനാർത്ഥികളുള്ളത്. കോട്ടപ്പുറം, കൃഷ്ണാപുരം, പറവട്ടാനി, പടവരാട് എന്നിവിടങ്ങളിലാണ് എൽ.ഡി.എഫിന് വിമതരുള്ളത്. ബി.ജെ.പിക്ക് വടൂക്കരയിലാണ് വിമതനുള്ളത്.
സീറ്റ് വിഭജനത്തിൽ സി.പി.എം അവഗണിച്ചെന്നും ജനറൽ സീറ്റുകൾ നൽകിയില്ലെന്നും ആരോപിച്ച് വിമതരായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മൂന്ന് കേരള കോൺഗ്രസ് മാണി വിഭാഗം നേതാക്കൾ ഇന്നലെ പത്രിക പിൻവലിച്ചു. സിവിൽ സ്റ്റേഷനിൽ കേരള കോൺഗ്രസ് എം അയ്യന്തോൾ മണ്ഡലം പ്രസിഡന്റ് അഡ്വ. കെ.കെ. സന്തോഷ് കുമാർ, ഒളരിയിൽ ജില്ലാ കമ്മിറ്റി അംഗം അഡ്വ. ശ്രീകുമാർ പ്ലാക്കാട്ട്, പുതൂർക്കരയിൽ ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി അംഗം വിനോദ് കുറുവത്ത് എന്നിവരാണ് പത്രികകൾ സമർപ്പിച്ചിരുന്നത്.
അയ്യന്തോൾ മേഖലയിൽ കേരള കോൺഗ്രസ് (എം) മത്സരിച്ചാൽ ഇടതുമുന്നണിയുടെ ഐക്യത്തിനും വിജയ സാദ്ധ്യതകളെയും പ്രതികൂലമായി ബാധിക്കുമെന്ന ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് പത്രിക പിൻവലിച്ചതെന്ന് മൂവരും വ്യക്തമാക്കി.
ചില്ലറക്കാരല്ല വിമതർ
സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി കോൺഗ്രസിൽ നിന്നും രാജിവച്ച ജോർജ് ചാണ്ടി മിഷൻ ക്വാർട്ടേഴ്‌സ് ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. ബൈജു വർഗീസാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച് എൽ.ഡി.എഫിനൊപ്പം ചേർന്ന് മേയറായ എം.കെ. വർഗീസിനെതിരെ 2020ൽ ബൈജു മത്സരിച്ചിരുന്നു.
കൃഷ്ണാപുരം ഡിവിഷനിൽ മുൻ ഡെപ്യൂട്ടി മേയർ കൂടിയായ ബീന മുരളിയാണ് എൽ.ഡി.എഫ് വിമത. സി.പി.ഐയുടെ കൃഷ്ണാപുരം ഡിവിഷൻ ജനതാദളിന് നൽകിയതിൽ പ്രതിഷേധിച്ചാണ് ബീന സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
കോട്ടപ്പുറം ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ പി. ഹരിക്കെതിരെ ചക്കാമുക്ക് സ്വദേശിയായ ജിതിനും സ്ഥാനാർത്ഥിയായി രംഗത്തുണ്ട്. മുൻപ് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഹരി പാർട്ടി പ്രഖ്യാപിക്കും മുൻപേ സ്ഥാനാർത്ഥിയായി പ്രചാരണം നടത്തിയെന്നും പ്രാദേശിക വികാരം പരിഗണിക്കാതെയാണ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചതെന്നും ആരോപിച്ചാണ് ജിതിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
കോർപറേഷൻ 41-ാം ഡിവിഷൻ വടൂക്കരയിൽ ബി.ജെ.പിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി സദാനന്ദൻ വാഴപ്പുള്ളിക്കെതിരെ സി.ആർ. സുജിത്താണ് വിമതൻ. പത്മജ വേണുഗോപാലിനൊപ്പം കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലേക്ക് എത്തിയ സദാനന്ദന് സ്ഥാനാർത്ഥിത്വം നൽകിയതിലെ അമർഷമാണിതിന് കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |