
തൃശൂർ: സംസ്ഥാന സ്‌കൂൾ കലാമാമാങ്കം വീണ്ടും പൂരനാട്ടിലേക്ക് വിരുന്നെത്തുമ്പോൾ വിഭവസമൃദ്ധമായ സദ്യയൊരുക്കാനുള്ള ചുമതല പഴയിടത്തിന്. ഏറ്റവും കുറവ് ക്വട്ടേഷൻ വച്ചത് പഴയിടം മോഹനൻ നമ്പൂതിരി തന്നെയായിരുന്നു. പഴയിടം സ്‌കൂൾ കലോത്സവ വേദികളിൽ ഭക്ഷണമൊരുക്കി തുടങ്ങിയിട്ട് കാൽനൂറ്റാണ്ട് പിന്നിട്ടു. 2000ത്തിൽ കോട്ടയം സി.എം.എസ് ഹൈസ്‌കൂളിൽ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിന് ഊട്ടുപുരയൊരുക്കിയായിരുന്നു തുടക്കം. 2004ൽ കോട്ടയത്താണ് ആദ്യമായി സംസ്ഥാന കലോത്സവത്തിൽ വിഭവങ്ങൾ ഒരുക്കിയത്. പിന്നീട് പഴയിടം മോഹനൻ നമ്പൂതിരി ഇല്ലാത്ത ഒരു സംസ്ഥാന കലോത്സവം പോലും ഉണ്ടായിട്ടില്ല. ഇത്തവണ തലേ ദിവസം തന്നെ കലോത്സവത്തിന് എത്തുന്നവർക്ക് ഭക്ഷണം നൽകാൻ തീരുമാനമായി.
ഒരേസമയം നാലായിരം പേർക്ക്
കോർപറേഷൻ സ്റ്റേഡിയത്തോട് ചേർന്നുള്ള പാലസ് ഗ്രൗണ്ടിലായിരിക്കും ഭക്ഷണശാല. ഒരേസമയം നാലായിരം പേർക്ക് ഭക്ഷണം നൽകാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഭക്ഷണ വിതരണത്തിന് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആവശ്യമായ ആളുകളെ നിയോഗിക്കും. പാചകപ്പുരയും ഇതിനോട് ചേർന്ന് തന്നെയായിരിക്കും. ഏതെല്ലാം ദിവസങ്ങളിൽ എത്രതരം കറികളും ഏത് തരം പായസം നൽകണമെന്നത് സംബന്ധിച്ച് തീരുമാനമാകുന്നതേയുള്ളൂ. 5 ദിവസവും ഊണിനൊപ്പം വ്യത്യസ്ത പായസങ്ങളൊരുക്കും. ഉച്ചയൂണിന് മാത്രം ഏകദേശം 1500 കിലോയോളം അരി വേണ്ടി വന്നേക്കും.
ഹരിതചട്ടം പാലിക്കും
മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്ക് കോർപറേഷൻ നേതൃത്വം നൽകും. ഹരിതചട്ടം പാലിച്ച് കലോത്സവം സംഘടിപ്പിക്കുന്നതിനായി 1000 ഗ്രീൻ വളണ്ടിയർമാരെ ശുചിത്വമിഷൻ നിയോഗിക്കും. കലവറയിലും ഭക്ഷണശാലയിലും ആവശ്യമായ പൊലീസ് സേവനം ഉറപ്പാക്കും. പാചകക്കാരുടെ ഹെൽത്ത് കാർഡ്, പരിശോധന, ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ പരിശോധനകൾ തുടങ്ങിയവ ഉറപ്പാക്കണമെന്ന് ഭക്ഷണ കമ്മിറ്റി ചെയർമാൻ സനീഷ്‌കുമാർ ജോസഫ് എം.എൽ.എയുടെയും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെയും നേതൃത്വത്തിൽ ഭക്ഷണ കമ്മിറ്റിയുടെ യോഗം നിർദ്ദേശിച്ചു. ഭക്ഷണ കമ്മിറ്റി കൺവീനർ സജു ജോർജ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം.ബാലകൃഷ്ണൻ, ഡി.ജി.ഇ ഓഫീസ് പ്രതിനിധി സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |