ഒ.ജെ. ജനീഷ് ഇനി കേരളത്തിന്റെ മന്ത്രി! 'ജനപ്രിയ' യുവനായകൻ
തൃശൂർ: കമ്മ്യൂണിസ്റ്റ് കോട്ടയായ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് കന്നിപ്പോരാട്ടം. മന്ത്രിസഭാ രൂപീകരണ ചർച്ചകളുടെ ആദ്യഘട്ടത്തിലൊന്നും മുൻനിരയിൽ ഉയർന്ന് കേൾക്കാത്ത പേര്. തൃശൂരിന് ഇത്തവണ മന്ത്രിസ്ഥാനമില്ലെന്ന് ഉറപ്പിച്ച നിമിഷത്തിൽ നിന്നാണ് വിധി മാറിമറിഞ്ഞത്. ഒടുവിൽ കൊടുങ്ങല്ലൂരിന്റെ ചുവപ്പു കോട്ടയിൽ വിജയക്കൊടി പാറിച്ച ഒ.ജെ. ജനീഷ് മന്ത്രിപദവിയിലേക്ക്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയിൽ നിന്നാണ് ജനീഷിന്റെ ഈ കുതിപ്പ്. ചർച്ചകൾ അവസാന മണിക്കൂറുകളിലേക്ക് കടന്നപ്പോഴാണ് അപ്രതീക്ഷിതമായി ജനീഷിന്റെ പേര് ഉയർന്നുവന്നത്. ജില്ലയ്ക്ക് ഇത്തവണ മന്ത്രിസ്ഥാനമില്ലെന്ന നിരാശയിലായിരുന്ന തൃശൂരിലെ കോൺഗ്രസ് പ്രവർത്തകർക്ക് ഈ പ്രഖ്യാപനം അത്യാഹ്ലാദമായി. കെ.സി. വേണുഗോപാലുമായുള്ള അടുത്ത ബന്ധം ജനീഷിന്റെ മന്ത്രിസഭാ പ്രവേശനത്തിന് ഏറെ സഹായകരമായെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. സി.പി.ഐയുടെ കുത്തക തകർത്ത് മികച്ച ഭൂരിപക്ഷത്തോടെയാണ് ലീഡറുടെ തട്ടകത്തിൽ നിന്ന് ജനീഷ് നിയമസഭയിലെത്തിയത്. ജില്ലയിൽ നിന്ന് വിജയിച്ച രാജൻ പല്ലൻ, അഡ്വ. തോമസ് ഉണ്ണിയാടൻ, സനീഷ് കുമാർ ജോസഫ് എന്നിവരിൽ തോമസ് ഉണ്ണിയാടന് ചീഫ് വിപ്പ് സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നുണ്ട്.
ജനഹൃദയങ്ങളിലേക്ക്
പരമ്പരാഗത കോൺഗ്രസ് കുടുംബത്തിൽ നിന്ന് കെ.എസ്.യുവിലൂടെയാണ് ജനീഷ് പൊതുരംഗത്തെത്തുന്നത്. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷനായിരിക്കെയാണ് മന്ത്രി സ്ഥാനം. സമരമുഖങ്ങളിലെ നിരന്തര സാന്നിദ്ധ്യമായിരുന്ന അദ്ദേഹം യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചിരുന്നു. രാഹുൽ മാങ്കുട്ടത്തിൽ ലൈംഗികാരോപണ കേസിൽപ്പെട്ട് പാർട്ടിയിൽ നിന്ന് പുറത്തുപോയ സാഹചര്യത്തിലാണ് ജനീഷ് അപ്രതീക്ഷിതമായി സംസ്ഥാന അദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്നത്.
ജനകീയ ശൈലി
പതിവ് രാഷ്ട്രീയ ശൈലികളിൽ നിന്ന് വ്യത്യസ്തനാണ് ജനീഷ്. അനാവശ്യമായി ഫോട്ടോകളിൽ ഇടിച്ചുകയറാത്ത, വേദികളിൽ കസേരയുണ്ടെങ്കിലും പലപ്പോഴും താഴെ പ്രവർത്തകർക്കൊപ്പം നിൽക്കാൻ ഇഷ്ടപ്പെടുന്ന നേതാവ്. പൊതുയോഗങ്ങൾക്കെത്തിയാൽ വേദിയിൽ ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം സാധാരണക്കാരായ പ്രവർത്തകരുമായി സൗഹൃദം പങ്കിടാൻ അദ്ദേഹം മാറ്റിവയ്ക്കുമെന്നും പ്രവർത്തകർ പറയുന്നു. ഈ ജനകീയ ശൈലിയാണ് ജനീഷിനെ ചുരുങ്ങിയ കാലം കൊണ്ട് പ്രിയങ്കരനാക്കിയത്.
മികവുറ്റ സംഘാടകൻ
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കോർത്തിണക്കി മുന്നോട്ടുനയിക്കുന്നതിൽ മികവ് പുലർത്തി
അയ്യായിരത്തിലധികം യുവാക്കളെ അണിനിരത്തി അദ്ദേഹം തൃശൂരിൽ സംഘടിപ്പിച്ച 'ഇന്ത്യ യുനൈറ്റഡ് പദയാത്ര' വൻ വിജയമാക്കി
സംസ്ഥാനതല മണ്ഡലം പ്രസിഡന്റുമാരുടെ ക്യാമ്പ്, അതിരപ്പിള്ളിയിലെ ജില്ലാ ക്യാമ്പ് എന്നിവ ജനീഷിന്റെ നേതൃത്വത്തിൽ ഗംഭീരമാക്കി
യൂണിറ്റ് തലം മുതൽ ആരംഭിച്ച സമ്മേളനങ്ങളും ജില്ലാ സമ്മേളനവും ഒടുവിൽ തൃശൂരിൽ നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനവും വൻ വിജയമാക്കാൻ ജനീഷ് എന്ന മികച്ച സംഘാടകന് സാധിച്ചു
ആ മിതഭാഷി ഇനി മന്ത്രിസഭയിലേക്ക്; പ്രിയ ശിഷ്യനെ ഓർത്ത് വാഴൂർ വിജയൻ മാഷ്!
മാള : പുതിയ മന്ത്രിയെ വരവേൽക്കാൻ നാടൊരുങ്ങുമ്പോൾ, പഴയ യു.പി സ്കൂൾ ക്ലാസ്മുറിയിലെ ആ മിതഭാഷിയായ വിദ്യാർത്ഥിയെ ഓർത്തെടുക്കുകയാണ് കുഴൂർ ഗവ. ഹൈസ്കൂളിലെ മുൻ അദ്ധ്യാപകൻ വാഴൂർ വിജയൻ. ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ഒ.ജെ. ജനീഷ്, ക്ലാസ്മുറിയിലെ ഒരു 'ആക്ടിവിസ്റ്റ്' ആയിരുന്നുവെന്ന് വിജയൻ മാഷ് പറയുന്നു. അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലും തന്റെ വിദ്യാർത്ഥിയായിരുന്ന ജനീഷ് അധികം സംസാരിക്കാത്ത സ്വഭാവക്കാരനായിരുന്നു. എന്നാൽ പഠനത്തിലും സാമൂഹിക വിഷയങ്ങളിലുമുള്ള താല്പര്യം അന്നേ ശ്രദ്ധേയമായിരുന്നുവെന്ന് മാഷ് ഓർക്കുന്നു. സോഷ്യൽ സയൻസ് വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തിയിരുന്ന ജനീഷ്, ക്ലാസുകളിലെ പൊതുകാര്യ ചർച്ചകളിൽ സജീവമായിരുന്നു. കുഴൂർ സ്കൂളിന്റെ വരാന്തകളിൽ പഠിച്ച ആ കുട്ടി ഇന്ന് നാടിന്റെ ഭരണനിരയിലേക്ക് എത്തുന്നത് വലിയ അഭിമാനമാണെന്ന് അദ്ദേഹം പറയുന്നു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ.എസ്. സരസുവാണ് വിജയൻ മാഷിന്റെ ഭാര്യ
പ്രതിസന്ധികളിൽപടവെട്ടി
തൃശൂർ : പ്രതിസന്ധികളോട് പടവെട്ടി, വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളിലൂടെ കേരള രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്ക് വളർന്ന ജനനായകനാണ് തൃശൂർ കുഴൂർ സ്വദേശിയായ ഒ. ജെ. ജനീഷ്. പോളിടെക്നിക്കിൽ പഠിച്ചുകൊണ്ടിരിക്കെയാണ് പിതാവിനെ നഷ്ടപ്പെടുന്നത്. ചാലക്കുടിയിലെ സിദ്ധാർത്ഥ ബാറിലെ ജീവനക്കാരനായിരുന്ന പിതാവിന്റെ അപ്രതീക്ഷിത വിയോഗം ആ കൗമാരക്കാരന്റെ തോളിലേക്ക് കുടുംബത്തിന്റെ വലിയ ഉത്തരവാദിത്തങ്ങളാണ് ഏൽപ്പിച്ചത്. എന്നാൽ പ്രതിസന്ധികളിൽ പകച്ചുനിൽക്കാതെ തൊഴിലുറപ്പ് ഉൾപ്പെടെയുള്ള ജോലികൾ ചെയ്ത് തങ്ങളെ വളർത്തിയ അമ്മ പുഷ്പയ്ക്ക് ശക്തമായ പിന്തുണയുമായി ജനീഷ് ഒപ്പം നിന്നു. കോളേജ് വിദ്യാഭ്യാസത്തോടൊപ്പം തന്നെ സെക്യൂരിറ്റി ജോലി ഉൾപ്പെടെയുള്ള പാർട്ട് ടൈം പണികൾ ചെയ്താണ് ജനീഷ് പഠനവും കുടുംബവും മുന്നോട്ട് കൊണ്ടുപോയത്. വിദ്യാർത്ഥി രാഷ്ട്രീയ കാലത്ത് എതിർ പാർട്ടിക്കാരിൽ നിന്നും പൊലീസിൽ നിന്നും ക്രൂരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ജനീഷിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇടപെടലുകളിലൊന്നായിരുന്നു പാലിയേക്കര ടോൾ പ്ലാസക്കെതിരായ സമരം. ഹൈക്കോടതി മുതൽ സുപ്രീം കോടതി വരെ നീണ്ട നിയമയുദ്ധത്തിലൂടെ ടോൾ പിരിവിലെ ക്രമക്കേടുകൾക്കെതിരെ ശക്തമായ വിധി സമ്പാദിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ജനങ്ങൾക്കായി തെരുവിലിറങ്ങിയതിന്റെ പേരിൽ പാസ്പോർട്ട് തടയപ്പെടുന്നതടക്കമുള്ള വെല്ലുവിളികളും അദ്ദേഹം നേരിട്ടിരുന്നു.
അവസരങ്ങൾ തേടി പോയിട്ടില്ല'; ഒ.ജെ. ജനീഷ്
മാള: ഒരു സ്ഥാനത്തിനോ അവസരത്തിനോ വേണ്ടി വ്യക്തിപരമായി ശ്രമിച്ചിട്ടില്ലെന്ന് നിയുക്ത മന്ത്രി അഡ്വ. ഒ.ജെ. ജനീഷ്. മാള ശ്രീനാരായണ ഗുരുധർമ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗത്തിൽ ട്രസ്റ്റ് അംഗം കൂടിയായ ജനീഷിന് നൽകിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തുന്നതിനിടെയായിരുന്നു പ്രതീകരണം. മന്ത്രിസ്ഥാനം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പദവി ലഭിക്കുമെന്ന പ്രതീക്ഷ ട്രസ്റ്റ് ഭാരവാഹികൾ പരസ്യമായി പങ്കുവെച്ച സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചരിത്ര ഗവേഷകൻ ചെറായി രാമദാസ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പി.കെ. സുധീഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. സാബു, ജോയിന്റ് സെക്രട്ടറി കെ.കെ. ബിനേഷ്, ട്രഷറർ കെ.വി. രാജു, ഡയറക്ടർ ഇ.പി. രാജീവ് എന്നിവർ പ്രസംഗിച്ചു. സുദേഷ് എം. രഘു, ബാബുരാജ് ഭഗവതി എന്നിവർ പ്രഭാഷണം നടത്തി. ട്രസ്റ്റ് അംഗങ്ങളിൽ ജനപ്രതിനിധികളായ ടി.പി. ബാലകൃഷ്ണൻ, ബി.കെ. വിഭീഷ്, പി.എ. ശിവൻ, കെ.കെ. ബിനേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വി.ഡി. സതീശൻ മന്ത്രിസഭയിലെ ഒ.ജെ ജനീഷിന്റെ മന്ത്രി സ്ഥാനം തൃശൂർ ജില്ലയ്ക്ക് ലഭിച്ച അംഗീകാരമാണ്. ജില്ലയുടെ സമഗ്രമായ പുരോഗതിക്ക് മുതൽക്കൂട്ടാകുന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. നിയുക്ത മന്ത്രി ഒ.ജെ.ജനീഷിന് അഭിനന്ദം അറിയിക്കുന്നു. അഡ്വ.ജോസഫ് ടാജറ്റ് ഡി.സി.സി പ്രസിഡന്റ്
ചീഫ് വിപ്പ് സ്ഥാനം കൈവിട്ടു; തോമസ് ഉണ്ണിയാടന് നിരാശ
തൃശൂർ: ഇരിങ്ങാലക്കുടയിൽ നിന്ന് കേരള കോൺഗ്രസ് പ്രതിനിധിയായി വിജയിച്ച അഡ്വ. തോമസ് ഉണ്ണിയാടന് ചീഫ് വിപ്പ് സ്ഥാനം നഷ്ടമായി. ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്ന ഈ പദവി പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ മകൻ അപു ജോസഫിന് നൽകി. മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായിരുന്ന ഒ.ജെ. ജനീഷിന് അപ്രതീക്ഷിതമായി മന്ത്രിസ്ഥാനം കൈവന്നതിന് പിന്നാലെയാണ്, ഉണ്ണിയാടന് ചീഫ് വിപ്പ് പദവി ലഭിക്കുമെന്ന ചർച്ചകൾ ശക്തമായത്. അങ്ങനെയെങ്കിൽ തൃശൂർ ജില്ലയിൽ നിന്ന് വിജയിച്ച നാല് പേരിൽ രണ്ടുപേർക്ക് ക്യാബിനറ്റ് പദവി ലഭിക്കുമായിരുന്നു. ഇരിങ്ങാലക്കുടയിൽ നിന്ന് മന്ത്രി ആർ.ബിന്ദുവിനെ പരാജയപ്പെടുത്തി ഒരിടവേളയ്ക്ക് ശേഷം എം.എൽ.എയായ ഉണ്ണിയാടൻ ഇത്തവണ മികച്ച വിജയമാണ് നേടിയത്.