കായിക കേരളത്തിന് 'മ്മ്ടെ' മന്ത്രി; പ്രതീക്ഷകളുടെ 'ട്രാക്കിൽ' തൃശൂർ!
തൃശൂർ: തൃശൂർ കോർപറേഷൻ പാലസ് ഗ്രൗണ്ട്, കാലങ്ങളായി നിർമ്മാണം പൂർത്തിയാകാതെ കിടക്കുന്ന അക്വാടിക് കോംപ്ലക്സ്, കോടികൾ ചെലവഴിച്ചിട്ടും ടൂർണമെന്റുകൾ നടക്കാത്ത തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയം, കായികാദ്ധ്യാപകരില്ലാതെ മുടന്തുന്ന സ്കൂളുകൾ... തൃശൂരിലെ കായിക താരങ്ങളും കായിക പ്രേമികളും നാട്ടുകാരനായ സ്വന്തം കായിക മന്ത്രിയിൽ അർപ്പിച്ചിരിക്കുന്നത് വലിയ പ്രതീക്ഷയാണ്. മന്ത്രിക്ക് മുൻപിലുള്ളതും ഒട്ടേറെ പ്രശ്നങ്ങളാണ്. വർഷങ്ങളായി ജില്ലയുടെ കായിക മേഖലയ്ക്ക് വാഗ്ദാന പെരുമഴയായിരുന്നു. തലയെടുപ്പോടെ പറയാൻ ആകെയുള്ളത് കുന്നംകുളത്തെ സിന്തറ്റിക് ട്രാക്ക് മാത്രം. കായിക മേഖല നേരിടുന്ന പ്രശ്നങ്ങളിലേക്ക് സ്വന്തം മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുക കൂടിയാണ് കേരള കൗമുദി.
സിന്തറ്റിക് ട്രാക്കില്ല
കായിക മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായെത്തുന്ന ഒ.ജെ. ജനീഷിന് മുൻപിൽ കായിക ദുരവസ്ഥകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സ്പോർട്സ് പ്രേമികൾ. രാജ്യം കണ്ട മികച്ച ഫുട്ബാളറായ ഐ.എം. വിജയൻ, അഞ്ജു ബോബി ജോർജ്, സിനി മോൾ പൗലോസ്, ജിൻസി ഫിലിപ്പ് തുടങ്ങി നിരവധി താരങ്ങൾ ആദ്യ ചുവടുവച്ച കോർപറേഷൻ സ്റ്റേഡിയത്തിൽ സൗകര്യങ്ങളുണ്ടായിട്ടും ഒരു സിന്തറ്റിക് ട്രാക്കില്ലെന്ന പോരായ്മയുണ്ട്.തൃശൂർ പാലസ് ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്കൊരുക്കുമെന്ന് സർക്കാരും കോർപ്പറേഷനും പലകുറി പ്രഖ്യാപിച്ചു. സ്റ്റേഡിയം ശോച്യാവസ്ഥയിലാണ്. കഴിഞ്ഞ വർഷം തൃശൂർ മാജിക് എഫ്.സിക്കായി ഫുട്ബാൾ ടർഫ് മിനുക്കിപ്പണിതത് മാത്രമാണ് ആശ്വാസം. ഇ.പി. ജയരാജനും വി. അബ്ദുറഹിമാനും മന്ത്രിമാരായിരിക്കെ പ്രഖ്യാപനങ്ങൾ പിറന്നിരുന്നു.
എങ്ങുമെത്താതെ ഖേലോ ഇന്ത്യ
ഇതിനിടെ മൈതാനം നവീകരണത്തിന് ഖേലോ ഇന്ത്യ വഴി പി.ടി. ഉഷ എം.പി അനുകൂല നടപടിയെടുക്കുമെന്ന് കേട്ടെങ്കിലും ഒന്നുമുണ്ടായില്ല. ഒമ്പത് കോടി ചെലവഴിച്ച് പുതിയ സിന്തറ്റിക് ട്രാക്കും മികവുറ്റ ഫുട്ബാൾ ടർഫും നിർമ്മിക്കാനുള്ള പദ്ധതിയായിരുന്നു. ട്രാക്ക് നിർമ്മാണത്തിന് സ്റ്റേഡിയം വിട്ടുനൽകാനുള്ള ധാരണാപത്രം ഒപ്പുവയ്ക്കുന്നതിൽ നിന്നും കോർപ്പറേഷൻ അവസാന നിമിഷം പിന്മാറിയതോടെയാണ് പദ്ധതി കൈവിട്ടുപോയതെന്നാണ് ആരോപണം. കേന്ദ്രമന്ത്രിയുടെ അനുകൂല ഇടപെടലില്ലാത്തതിലും കായികപ്രേമികൾ അമർഷത്തിലാണ്.
( തുടരും)