തൃശൂർ: സിവിൽ സർവീസ് പരീക്ഷയിൽ 431ാം റാങ്ക് നേടിയ നെല്ലങ്കര വൈലോപ്പിള്ളി നഗറിൽ കൃഷ്ണപ്രഭയിൽ എം.നിരഞ്ജനയുടെ നേട്ടം മൂന്നാംതവണ എഴുതിയ പരീക്ഷയിൽ. ഇ.എസ്.ഐ.സിയിൽ നിന്നും ബ്രാഞ്ച് മാനേജരായി വിരമിച്ച കെ.കെ.മോഹനനും ഏജീസ് ഓഫീസിൽ നിന്നും അക്കൗണ്ട് അസി.ഓഫീസറായി വിരമിച്ച കെ.വി.ശാരദയുടെയും മകളാണ്. കുറ്റുമുക്ക് സന്ദീപനി വിദ്യാനികേതനിലാണ് സ്കൂൾ പഠനം. കുസാറ്റിൽ നിന്നും ബി.ടെക്.(സിവിൽ) പഠനത്തിന് ശേഷമാണ് സിവിൽ സർവീസ് പരീക്ഷയ്ക്കൊരുങ്ങിയത്. തിരുവനന്തപുരത്താണ് പരിശീലനം നടത്തിയത്. മിഥുൻ കൃഷ്ണയാണ് സഹോദരൻ.
പുകയില രഹിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
തൃശൂർ: ലോക പുകയില രഹിത ദിനമായ ഇന്ന് പുകവലി നിവാരണവുമായി ബന്ധപ്പെട്ട് പുകയില: പരിസ്ഥിതിക്കും ഭീഷണി എന്ന സന്ദേശവുമായി മേയ് 31 മുതൽ ജൂൺ 13 വരെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം, പൊതുജനങ്ങൾക്കായുള്ള റീൽസ് മത്സരം, ഡിജിറ്റൽ പോസ്റ്റർ മത്സരം, സെമിനാറുകൾ എന്നിവയും നടത്തുന്നുണ്ട്. ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം തുടങ്ങിയ ഏജൻസികൾ സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
ദിനാചരണത്തോട് അനുബന്ധിച്ച് മൂന്ന് പദ്ധതികളുടെ പ്രഖ്യാപനവും നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എൻ.കെ കുട്ടപ്പൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ വർഷത്തെ പുകയില രഹിത ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10.30 ന് തൃശൂർ സെന്റ്മേരീസ് കോളേജ് ഓഡിറ്റോറിയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും.
മേയർ എം.കെ വർഗീസ് അദ്ധ്യക്ഷത വഹിക്കും. ടി.എൻ പ്രതാപൻ എം.പി, പി.ബാലചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് , ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.കെ.ജെ.റീന തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |