ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയുടെ ഭാഗമായി നാളെ സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ വിളക്കാഘോഷം നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്പൂർണ്ണ നെയ് വിളക്കായാകും വിളക്കാഘോഷം. രാവിലെ കാഴ്ചശീവേലിക്ക് കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം അകമ്പടിയാകും. വൈകിട്ട് 3.30ന് കാഴ്ചശീവേലിക്കും രാത്രി 9 ന് വിളക്കെഴുന്നള്ളിപ്പിനും പല്ലാവൂർ ശ്രീധരൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം അരങ്ങേറും.
ദീപാരാധനയ്ക്ക് ശേഷം മാസ്റ്റർ ജയചന്ദ്രൻ മാരാരുടെ തായമ്പകയും ഗുരുവായൂർ മുരളിയുടെ നാദസ്വരവും ഉണ്ടാകും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ 8 മുതൽ സ്റ്റേറ്റ് ബാങ്ക് കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾക്ക് തുടക്കമാകും. വൈകീട്ട് ആറിന് ഇലത്താള കലാകാരൻ പേരാമംഗലം ബാലനെ സ്വർണ്ണപ്പതക്കം നൽകി ആദരിക്കും. തുടർന്ന് പിന്നണി ഗായകൻ ബിജു നാരായണൻ അവതരിപ്പിക്കുന്ന ഭക്തി ഗാനമേളയുമുണ്ടാകും. വാർത്താസമ്മേളനത്തിൽ വിളക്കാഘോഷ കമ്മിറ്റി ഭാരവാഹികളായ റീജ്യണൽ മാനേജർ എം.മനോജ് കുമാർ, ശാഖ മാനേജർ എ.ജി ശ്യാം കുമാർ, സി.എം സേതുമാധവൻ, കെ.ദിനേശ് കുമാർ, കെ.പ്രദീപ്, എം.എം പ്രകാശൻ, കെ.സുമേഷ് തുടങ്ങിയവർ സംബന്ധിച്ചു. ക്ഷേത്രത്തിൽ ഇന്നലെ ക്ഷേത്രത്തിലെ പാരമ്പര്യ പ്രവൃത്തിക്കാരായ ക്ഷേത്രം പത്തുക്കാരുടെ വകയായിരുന്നു വിളക്കാഘോഷം. ഇന്ന് കനറ ബാങ്ക് ജീവനക്കാരുടെ വക വിളക്കാഘോഷം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |