തൃശൂർ: മെഡിക്കൽ കോളേജിൽ ഇ ഹെൽത്ത് മുഖേനയുള്ള ക്യൂ മാനേജ്‌മെന്റ് ഫലപ്രദമായി നടപ്പിലാക്കുന്നതിന് വേണ്ട നടപടികളായതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. കളക്ടർ ഹരിത വി.കുമാറിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം.
രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ ഒ.പി സമയം നീട്ടുന്നത് സംബന്ധിച്ച് ആലോചിക്കാനും ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകാനും തീരുമാനമായി. അർബൻ ഹെൽത്ത് സെന്റർ ആരംഭിക്കുന്നതിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ഉടനെത്തിക്കുമെന്നും യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
ദേശീയപാത 66ന് സ്ഥലം വിട്ടുനൽകിയവർക്ക് ബാക്കി നിൽക്കുന്ന സ്ഥലത്തേക്ക് പ്രവേശന അനുമതിക്കായി അപേക്ഷിക്കാനുള്ള നടപടി ലഘൂകരിക്കാനും തീരുമാനമെടുത്തു. പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും www.morthnoc.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
തെക്കുംകര പഞ്ചായത്തിലെ മണലിത്തറ ചെന്നിക്കര റോഡ് സർവേ പൂർത്തീകരിച്ച് പ്രാരംഭ നടപടിയാരംഭിക്കാനും തീരുമാനമായി. വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി അവലോകനം ചെയ്തു. എം.എൽ.എമാരായ എ.സി മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, മുരളി പെരുനെല്ലി, എൻ.കെ അക്ബർ, ഇ.ടി ടൈസൺ മാസ്റ്റർ, രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി കെ.അജിത്ത്കുമാർ, ബെന്നി ബഹനാൻ എം.പിയുടെ പ്രതിനിധി മുർഷിദ് വി.ജന്നത്ത്, മന്ത്രി കെ.രാജന്റെ പ്രതിനിധി, മന്ത്രി കെ.രാധാകൃഷണന്റെ പ്രതിനിധി കെ.കെ മുരളീധരൻ, സബ് കളക്ടർ മുഹമ്മദ് ഷെഫീക്ക്, ജില്ലാ വികസന കമ്മിഷണർ ശിഖ സുരേന്ദ്രൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ ശ്രീലത എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |