വിയന്ന: വിമാനയാത്ര നിഷേധിച്ചതിനെ തുടര്‍ന്ന് നിലവിളിച്ച് കരയുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ബള്‍ഗേറിയയിലെ സോഫിയ വിമാനത്താവളത്തിലാണ് സംഭവം. സ്വെറ്റാന കാലിനിനയെന്ന സ്ത്രീക്കാണ് ദുരനുഭവം ഉണ്ടായത്. വിമാനത്താവളത്തിലെ വാതിലില്‍ മുട്ടിക്കരയുന്നതും നിലവിളിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കാലിനിനയുടെ ഹാന്‍ഡ്ബാഗിന് അനുവദനീയമായതില്‍ കൂടുതല്‍ വലുപ്പമുള്ളതിനാലാണ് വിമാനക്കമ്പനി യാത്ര നിഷേധിച്ചത്.
കിന്‍ഡര്‍ഗാര്‍ഡന്‍ അദ്ധ്യാപികയായ തന്നെ മറ്റ് യാത്രക്കാര്‍ക്ക് മുന്നില്‍ വച്ച് അപമാനിക്കുന്ന പ്രവര്‍ത്തിയാണ് റയാന്‍ എയര്‍ അധികൃതരില്‍ നിന്ന് ഉണ്ടായതെന്നും കാലിനിന ആരോപിക്കുന്നു. ഇത് തനിക്ക് കടുത്ത മാനസിക വിഷമമുണ്ടാക്കിയെന്നും അവര്‍ പറഞ്ഞു. അവധിക്കാല ആഘോഷങ്ങള്‍ക്കും യാത്രയ്ക്കും ശേഷം നാട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് അദ്ധ്യാപികയ്ക്ക് ദുരനുഭവമുണ്ടായത്. ഒരു കുറ്റവാളിയോടെന്നപോലെയാണ് തന്നോട് പെരുമാറിയതെന്നും അവര്‍ പറയുന്നു.
എയര്‍ലൈന്‍സിന്റെ ബാഗേജ് വലിപ്പം നിയന്ത്രിക്കുന്ന ബോക്‌സില്‍ എന്റെ ലഗേജ് കയറുന്നില്ലെന്ന കാരണം പറഞ്ഞാണ് അവര്‍ യാത്ര നിഷേധിച്ചതെന്നും സ്വെറ്റാന കാലിനിന ആരോപിക്കുന്നു. ബാഗിന് വലിപ്പം കൂടുതലായതിനാല്‍ ബാഗേജ് ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്വെറ്റാന പ്രശ്‌നമുണ്ടാക്കിയെന്നും ഗേറ്റ് സ്റ്റാഫിനോട് തര്‍ക്കിച്ചു എന്നുമാണ് റയാന്‍എയര്‍ അധികൃതര്‍ സംഭവത്തില്‍ നല്‍കുന്ന വിശദീകരണം.
മറ്റൊരു യാത്രക്കാരന്‍ അയാളുടെ ലഗേജിനൊപ്പം തന്റെ ഹാന്‍ഡ് ബാഗ് കൂടി വയ്ക്കാമെന്ന് പറഞ്ഞിട്ടും അത് റയാന്‍ എയര്‍ അധികൃതര്‍ അംഗീകരിച്ചില്ലെന്നും ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതായി അറിയിക്കുകയായിരുന്നുവെന്നും അദ്ധ്യാപിക കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |