സുൽത്താൻ ബത്തേരി: വന്യമൃഗങ്ങളുടെ ആക്രമണം ഭയക്കാതെ കിടക്കാൻ അടച്ചുറപ്പുള്ള വീടില്ല. വെള്ളവും വെളിച്ചവുമില്ല. അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. നൂൽപ്പുഴ പഞ്ചായത്തിലെ മേലെ മാലം കാപ്പ് മൂലയിലെ കാട്ടുനായ്ക്ക ഉന്നതി നിവാസികളുടെ അവസ്ഥയാണിത്. കാട്ടാനയും കടുവയും വിഹരിക്കുന്ന വനാതിർത്തിയോട് ചേർന്ന് മൂന്ന് കൂരകളിലായി കുട്ടികളടക്കം 22 പേരാണ് താമസിക്കുന്നത്. കാറ്റിൽ തകർന്നു വീഴുമെന്നോണമുള്ള കൂരകൾ
മുളമെടഞ്ഞ ചുമരകൾക്കുമുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയതാണ്. മനോജ്, മാളു, മാരൻ, സുമേഷ്, അനീഷ് എന്നിവരുടെ അഞ്ച് കുടുംബങ്ങളാണ് ഇവിടെ താമസം. ഇതിൽ മാരനും ഭാര്യ കല്യാണിയും മകൾ ഷൈലജയും മാത്രമാണ് പ്രവൃത്തി പൂർത്തിയാകാത്ത വീട്ടിൽ താമസിച്ചുവരുന്നത്. മനോജിന്റെ ആറുപേരടങ്ങുന്ന കുടുംബവും മാളുവിന്റെ പത്തുപേരടങ്ങുന്ന കുടുംബവും കഴിയുന്നത് ഒറ്റമുറി കൂരകളിലാണ്. മാരന്റെ മകൾ കുമാരിയും ഭർത്താവും കുട്ടിയും കഴിയുന്നതും മേൽക്കൂരമാത്രമുള്ള ഒരു കൂരയിലാണ്. നേരം ഇരുട്ടിയാൽ അടുത്തുള്ള വനത്തിൽ നിന്ന് കാട്ടാനയടക്കം ഇറങ്ങും. ശക്തമായ കാറ്റടിക്കുന്ന സമയത്തും ഇവർ ഭീതിയോടെ, മിക്കപ്പോഴും വീടിന് പുറത്താണ് കഴിയുന്നത്. ഇതുവരെ വൈദ്യുതി എത്തിയിട്ടില്ലാത്ത ഇവിടെ മണ്ണെണ്ണ വിളക്കും മെഴുകുതിരിവെട്ടവുമാണ് ആശ്രയം. വയൽ വരമ്പിലൂടെയാണ് ഉന്നതിയിലേക്കെത്തുക. മഴക്കാലത്ത് ഇത് അതികഠിനമാണ്. ഈ സമയം കുട്ടികളുടെ സ്‌കൂൾ യാത്ര അങ്ങേയറ്റം ദുരിതവും.
വയലിലെ മലിനജലമുള്ള ഒരു കിണറ്റിൽ നിന്നാണ് ഭക്ഷണം പാകം ചെയ്യാനും കുടിക്കാനുമുള്ള വെള്ളം ശേഖരിക്കുന്നത്. കുടുംബങ്ങൾക്ക് സ്ത്രീകളും കൊച്ചുകുട്ടികളുമടക്കം പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ സമീപത്തെ വനത്തെയാണ് ആശ്രയിക്കുന്നത്. ഇങ്ങനെ ഇല്ലായ്മകളുടെ പടുകുഴിയിലാണ് മേലെ മാലം കാപ്പ് മൂലയിലെ കാട്ടുനായ്ക്ക 'ഉന്നതി'.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |