ന്യൂഡൽഹി: ബ്ളൂംബെർഗിന്റെ ആഗോള അതിസമ്പന്ന പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 25-ാം സ്ഥാനത്തേക്ക് വീണു. അദാനി ഗ്രൂപ്പിനെതിരെ അമേരിക്കൻ നിക്ഷേപഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് ക്രമക്കേട് ആരോപണങ്ങൾ ഉന്നയിക്കുംമുമ്പ് അദാനി പട്ടികയിൽ രണ്ടാംസ്ഥാനത്തായിരുന്നു.
തുടർന്ന്, അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില കൂപ്പുകുത്തിയതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. ഈവർഷം മാത്രം 7,150 കോടി ഡോളറിന്റെ ഇടിവ് അദ്ദേഹത്തിന്റെ ആസ്‌തിയിലുണ്ടായി. ഇപ്പോൾ ആസ്‌തി 4,910 കോടി ഡോളറാണ്. 8,360 കോടി ഡോളർ ആസ്തിയുമായി റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി 11-ാം സ്ഥാനത്തുണ്ട്.
19,200 കോടി ഡോളർ ആസ്‌തിയുമായി ഫ്രഞ്ച് ശതകോടീശ്വരൻ ബെർണാഡ് അർണോയാണ് ലോകത്തെ ഏറ്റവും സമ്പന്നൻ. ടെസ്‌ല സി.ഇ.ഒ എലോൺ മസ്കാണ് രണ്ടാമത്; ആസ്‌തി 18,700 കോടി ഡോളർ. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (12,100 കോടി ഡോളർ), മൈക്രോസോഫ്‌റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് (11,700 കോടി ഡോളർ), ബെർക്‌ഷെയർ ഹാത്തവേ മേധാവി വാറൻ ബഫറ്റ് (10,700 കോടി ഡോളർ) എന്നിവരാണ് യഥാക്രമം മൂന്നുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |