ഷാർജ: ട്വന്റി 20 ക്രിക്കറ്റിൽ ഏഷ്യയിൽ രണ്ടാമത്തെ മികച്ച ടീം അഫ്‌ഗാനിസ്ഥാനെന്ന മാദ്ധ്യമപ്രവർത്തകന്റെ അഭിപ്രായത്തോട് ചിരിച്ച് പ്രതികരിച്ച് പാകിസ്ഥാൻ ക്യാപ്‌റ്റൻ സൽമാൻ അലി ആഗ. അഫ്‌ഗാനിസ്ഥാനും യുഎഇക്കുമൊപ്പം ത്രിരാഷ്‌ട്ര പരമ്പരയ്‌ക്കായി നിലവിൽ യുഎഇയിലാണ് പാകിസ്ഥാൻ ടീം. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരമ്പരയ്‌ക്ക് മുന്നോടിയായി മൂന്ന് ടീമുകളുടെയും നായകന്മാർ മാദ്ധ്യമങ്ങളെ കണ്ടപ്പോഴാണ് സംഭവം.
അഫ്‌ഗാനിസ്ഥാന്റെ നായകൻ റാഷിദ് ഖാനോട് ചോദ്യം ചോദിക്കവെയാണ് പാക് മാദ്ധ്യമപ്രവർത്തകൻ ഇത്തരമൊരു പരമാർശം നടത്തിയത്. ഇതോടെ സൽമാൻ പുഞ്ചിരിക്കുകയായിരുന്നു. സംഭവം വളരെവേഗം വൈറലായി.വീഡിയോ കണ്ട ചിലർ പെട്ടെന്ന് കേട്ട ആ പരാമർശത്തിൽ സൽമാനുള്ള അവിശ്വാസമാണ് പുഞ്ചിരിയായി പുറത്തുവന്നതെന്ന് വ്യാഖ്യാനിച്ചു. മറ്റുചിലരാകട്ടെ ട്വന്റി20യിൽ പാകിസ്ഥാൻ ടീമിനെ പുനർനിർമ്മിക്കുന്നതിന് തയ്യാറെടുക്കുന്ന ഒരു നായകന്റെ ചിരിയാണതെന്നും പറയുന്നു.
മുതിർന്ന താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവർ ഇടം പിടിക്കാതെ പാകിസ്ഥാൻ സ്‌ക്വാഡുമായാണ് ഏഷ്യാകപ്പിന് അവരെത്തുന്നത്. ബൗളിംഗിൽ കരുത്തായി ഷഹീൻഷാ അഫ്രീദി, ഹാരിസ് റൗഫ് ഇവരൊക്കെയുണ്ടെങ്കിലും അടുത്തിടെ തീരെ മങ്ങിയ പാകിസ്ഥാൻ ടീമിന്റെ പ്രതാപം തിരിച്ചുപിടിക്കുക എന്ന വലിയ വെല്ലുവിളിയാണ് സൽമാൻ അലി ആഗയ്‌ക്ക് മുന്നിലുള്ളത്. നിലവിൽ ഏഷ്യാ കപ്പ് ചാമ്പ്യന്മാർ ഇന്ത്യയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |