ലോസാഞ്ചലസ്: ആയുധവുമായി റോഡിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ പൊലീസ് വെടിവച്ച് കൊന്നു. അമേരിക്കയിലെ ലോസാഞ്ചലസിലാണ് സംഭവം. ജൂലായ് മാസത്തിലാണ് സംഭവം നടന്നത്. ലോസാഞ്ചലസ് പൊലീസ് ഡിപ്പാർട്ട്മെന്റ് ആണ് ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. 35കാരനായ ഗുർപ്രീത് സിംഗ് ആണ് വെടിയേറ്റ് മരിച്ചത്.
ഗട്‌ക എന്ന സിഖ് ആയുധരൂപം റോഡിന് നടുവിൽ നിന്ന് അനുഷ്‌ഠിക്കുകയായിരുന്നു ഗുർപ്രീത്. ഇതിനിടെ പൊലീസ് സ്ഥലത്തെത്തി. ഗുർപ്രീത് സിംഗ് ഒരു 'വെട്ടുകത്തി' കൈയിൽ വച്ചത് കണ്ട് കീഴടങ്ങാൻ ആവശ്യപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഗുർപ്രീതിന്റെ കൈയിലുണ്ടായിരുന്നത് സിഖ് വിശ്വാസികൾ മതപരമായതും സാംസ്‌കാരികവുമായ ചടങ്ങുകൾക്ക് ഗട്‌ക ആചരിക്കുമ്പോൾ കൈയിൽ കരുതുന്ന ഇരുതല മൂർച്ചയുള്ള കത്തിയാണെന്നാണ് വിവരം. വാൾ,കുന്തം, പരിച, വടി എന്നിങ്ങനെ വിവിധ ആയുധങ്ങൾ ഗട്‌ക ആചരിക്കുന്നതിന് സിഖ് വിശ്വാസികൾ ഉപയോഗിക്കാറുണ്ട്. ഇത് വെട്ടുകത്തിയായി പൊലീസ് തെറ്റിദ്ധരിച്ചതാണ് സംഭവത്തിന് ഇടയായത്.
ജൂലായ് 13ന് വഴിയിലൂടെ പോകുന്നവർക്ക് നേരെ ഗുർപ്രീത് ആയുധവുമായെത്തി എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആയുധം താഴെവയ്‌ക്കാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ ചെവിക്കൊണ്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. തങ്ങൾക്ക് നേരെ ആക്രമിക്കാൻ എത്തിയതിനാലാണ് വെടിവച്ചതെന്നും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുർപ്രീത് മരണത്തിന് കീഴടങ്ങുകയായിരുന്നെന്നും പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |