ഇന്ത്യയുടെ വളർച്ച മുരടിക്കുമെന്ന ആശങ്ക ശക്തം
കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധത്തിൽ ഇന്ത്യൻ രൂപ റെക്കാഡ് താഴ്ചയിലേക്ക് മൂക്കുകുത്തി. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ 50 ശതമാനം തീരുവ ഈടാക്കുന്നതിനാൽ കയറ്റുമതി രംഗം കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഇന്നലെ ഒരവസരത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 76 പൈസയുടെ നഷ്‌ടത്തോടെ 88.30 വരെ താഴ്ന്നു. ഏഷ്യയിലെ മറ്റ് പ്രധാന നാണയങ്ങളും കനത്ത വിലത്തകർച്ചയാണ് നേരിട്ടത്. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഇറക്കുമതി സ്ഥാപനങ്ങൾ ഡോളർ വാങ്ങിക്കൂട്ടിയതും രൂപയ്ക്ക് സമ്മർദ്ദം വർദ്ധിപ്പിച്ചു. ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 87.95 എന്ന റെക്കാഡാണ് പുതുക്കിയാണ് രൂപ മൂക്കുകുത്തിയത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ മത്സരക്ഷമത നഷ്‌ടമാകുമെന്ന് വിലയിരുത്തുന്നു. ഇതോടെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച താളം തെറ്റുമെന്ന ആശങ്കകളാണ് രൂപയ്ക്ക് തിരിച്ചടി സൃഷ്‌ടിക്കുന്നത്. അമേരിക്കയുടെ അധിക തീരുവ ഇന്ത്യയുടെ 4.5 ലക്ഷം കോടി രൂപയുടെ കയറ്റുമതി വരുമാനം നഷ്‌ടപ്പെടുത്തിയേക്കും.
റിസർവ് ബാങ്ക് പൊതുമേഖല ബാങ്കുകൾ വഴി വിപണിയിൽ ഡോളർ വിറ്റഴിച്ചതോടെരൂപ 88.19ൽ വ്യാപാരം പൂർത്തിയാക്കി. നടപ്പുവർഷം ഇതുവരെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ മൂന്ന് ശതമാനം ഇടിവുണ്ടായി. രാജ്യത്തെ ഓഹരി വിപണി കഴിഞ്ഞ മൂന്ന് ദിവസമായി നഷ്‌ടം നേരിടുന്നതും രൂപയുടെ മൂല്യയിടിവ് രൂക്ഷമാക്കി.
സ്വർണ വില റെക്കാഡിനൊപ്പം
ആഗോള മേഖലയിലെ വ്യാപാര അനിശ്ചിതത്വം ശക്തമായതോടെ നിക്ഷേപകർ സുരക്ഷിതത്വം തേടി സ്വർണത്തിലേക്ക് പണമൊഴുക്കി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമാകുന്നതും അമേരിക്കയിൽ ഫെഡറൽ റിസർവ് പലിശ കുറച്ചേക്കുമെന്ന പ്രതീക്ഷകളും സ്വർണത്തിന് അനുകൂലമായി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,410 ഡോളർ വരെ ഉയർന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണ വില പവന് 520 രൂപ ഉയർന്ന് 75,760 രൂപയിലെത്തി റെക്കാഡിനൊപ്പമെത്തി. ഗ്രാമിന്റെ വില 65 രൂപ ഉയർന്ന് 9,470 രൂപയായി.
ഓഹരികളുടെ വിലത്തകർച്ച തുടരുന്നു
തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യൻ ഓഹരി വിപണി നഷ്‌ടത്തിലായി. ട്രംപിന്റെ തീരുവ ആശങ്കയിൽ നിക്ഷേപകർ കടുത്ത ആശങ്കയിലായി. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 270.92 പോയിന്റ് ഇടിഞ്ഞ് 79,809.65ൽ അവസാനിച്ചു. ദേശീയ സൂചിക നിഫ്‌റ്റി 74.05 പോയിന്റ് നഷ്‌ടത്തോടെ 24,426.85ൽ വ്യാപാരം പൂർത്തിയാക്കി.ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും തിരിച്ചടി നേരിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |