SignIn
Kerala Kaumudi Online
Friday, 29 March 2024 7.32 AM IST

കേന്ദ്ര ബഡ്‌ജറ്റിൽ ചെറിയ പ്രതീക്ഷകൾ മാത്രം

budget

(ഗവേഷണ വിഭാഗം മേധാവി, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്)

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്പൂർണ ബഡ്‌ജറ്റെന്ന നിലയിൽ ജനപ്രിയ പ്രഖ്യാപനങ്ങളാകും ഇക്കുറി കേന്ദ്ര ബഡ്‌ജറ്റിലുണ്ടാവുക എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ, രാജ്യത്തിന്റെ സാമ്പത്തികയന്ത്രം വേഗം കുറയുകയും അതിന്റെ പ്രതിദിനചലനങ്ങൾ നാടകീയമായി തീരുകയും ചെയ്യുന്നത് ഓഹരിവിപണിയിൽ വിപരീതഫലമാണുളവാക്കുക. ഈ വർഷം ഇതുവരെ ആഗോള പ്രവണതകളിലുണ്ടായ പുരോഗതിയുമായി തുലനം ചെയ്യുമ്പോൾ നമ്മുടെ ഓഹരിവിപണിക്ക് ശുഭപ്രതീക്ഷയില്ല എന്ന് പറയേണ്ടി വരും.

തിരഞ്ഞെടുപ്പിന് മുമ്പായി 2018ൽ ബഡ്‌ജറ്റ് അവതരിപ്പിക്കപ്പെട്ടപ്പോൾ വർഷത്തിന്റെ ആദ്യപകുതിയിൽ ഓഹരിവിപണിയിൽ വൻ ചാഞ്ചാട്ടം ദൃശ്യമായിരുന്നു. ബഡ്‌ജറ്റിന് മുമ്പ് ജനുവരി 18വരെ കുതിപ്പും ബഡ്‌ജറ്റിന് ശേഷം മാർ‌ച്ച് 18വരെ പതനവുമാണ് കണ്ടത്. പ്രതീക്ഷയോടെ കുതിപ്പ് നടത്തുകയും പ്രയോജനമില്ലെന്ന് കണ്ടതോടെ തിരുത്തലിന് വിധേയമാവുകയുമായിരുന്നു.

2018ലെ ബഡ്‌ജറ്റ് പ്രധാനമായും കേന്ദ്രീകരിക്കപ്പെട്ടത് കൃഷിയിലും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലുമാണ്. 250 കോടി രൂപയിൽ താഴെ വിറ്റുവരവുള്ള കമ്പനികൾക്ക് കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറയ്ക്കുന്ന സുപ്രധാന പ്രഖ്യാപനമുണ്ടായി. ഓഹരികളിലൂടെയും മ്യൂച്വൽഫണ്ടുകളിലൂടെയും ആർജ്ജിച്ച ദീർഘകാല മൂലധന ലാഭത്തിന് 10 ശതമാനം നികുതി ഏർപ്പെടുത്തിയത് തിരിച്ചടിയുമായി.

കർഷകരുടെ വരുമാനം 2022ഓടെ ഉത്പാദനച്ചെലവിനേക്കാൾ 50 ശതമാനം വർദ്ധിപ്പിക്കുകവഴി ഗ്രാമീണരുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതായിരുന്നു 2018ലെ ബഡ്‌ജറ്റിന്റെ ലക്ഷ്യം. കുറഞ്ഞ താങ്ങുവില വർദ്ധിപ്പിക്കാനും സംഭറണകേന്ദ്രങ്ങൾ വിപുലീകരിക്കാനും സൂക്ഷ്‌മജലസേചനത്തിനും വായ്‌‌പാവളർ‌ച്ചയ്ക്കും സൗകര്യങ്ങളുണ്ടായി.

പ്രധാനമന്ത്രി ആവാസ് യോജന, ഉജ്വല, സൗഭാഗ്യയോജനകളിലൂടെ ഭവനരഹിതർക്ക് വീട്, ഗ്യാസ് കണക്‌ഷൻ, വൈദ്യുതി എന്നിവ നൽകാനും ബഡ്‌ജറ്റിൽ പ്രഖ്യാപനങ്ങളുണ്ടായിരുന്നു.

ഗ്രാമീണ ബഡ്‌ജറ്റ്

മിനിമം താങ്ങുവില 2019ൽ 13 ശതമാനം വർദ്ധിപ്പിച്ചു. 2020, 2022 സാമ്പത്തികവർഷങ്ങളിൽ ശരാശരി വർദ്ധന 4 ശതമാനമായിരുന്നു. ഗ്രാമീണവിപണിയെ ലക്ഷ്യമിട്ടുള്ളതാകും ഇത്തവണത്തേതും എന്ന് നമുക്ക് അനുമാനിക്കാം. കുറഞ്ഞ താങ്ങുവില 2024 സാമ്പത്തികവർഷത്തിൽ ദീർഘകാല ശരാശരിയേക്കാൾ വ‌ർദ്ധിപ്പിക്കാനിടയുണ്ട്.

വിലക്കയറ്റം കാരണം കർഷകർ പൊറുതിമുട്ടുമ്പോൾ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണത്. ആരോഗ്യ പരിപാലനപദ്ധതികൾ ഉൾപ്പെടെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള ചെലവുകൾ വർദ്ധിപ്പിച്ചേക്കും. 2023 സാമ്പത്തികവർഷത്തേക്കുളഅള കമ്മി ലക്ഷ്യമായ 6.4 ശതമാനം നേടുകയും അത് 5.5 മുതൽ 5.9 ശതമാനം വരെയായി കുറയ്ക്കുകയും പിന്നീടത് ദീർഘകാല ശരാശരിയായ 4.5 ശതമാനമാക്കി മാറ്റുകയും ചെയ്‌തേക്കാം.

ബഡ്‌ജറ്റിന് പുറത്തെ

നടപടികൾ

മുന്നോട്ട് കുതിക്കുന്ന ഓഹരിവിപണിയെ സംബന്ധിച്ചിടത്തോളം ജനപ്രിയ ബഡ്‌ജറ്റിനെ കുറിച്ച് ബേജാറില്ല. വികസിത സമ്പദ്‌വ്യവസ്ഥ ബഡ്‌ജറ്റിനെ സമയാസമയങ്ങളിൽ ഇറക്കുന്ന സർക്കാരിന്റെ ധനകാര്യ പ്രസ്താവനയും ഇപ്പോൾ നടക്കുന്നതും ഭാവിയിൽ നടക്കാനിരിക്കുന്നതുമായ പദ്ധതികളുടെ വിവരണവും മാത്രമാക്കി മാറ്റിയിരിക്കുന്നു.

ബഡ്‌ജറ്റിന് പുറത്ത് അനേകം സുപ്രധാന നടപടികൾ ഉണ്ടാകുന്നുണ്ട്. ഓഹരിവിപണി ഇവയെയും ഉൾക്കൊണ്ടാണ് മുന്നോട്ട് പോകുന്നത്. ഇതിന്റെ ഫലമായി ഓഹരിവിപണിയുടെ ദീർഘകാല ചലനങ്ങൾ അട്ടിമറിക്കാൻ ഹ്രസ്വകാല വ്യതിയാനങ്ങൾക്ക് സാദ്ധ്യമല്ല തന്നെ. സമ്പദ്‌വ്യവസ്ഥയുടെയും സർക്കാരിന്റെയും സമീപകാല ലക്ഷ്യം തിരഞ്ഞെടുപ്പ് തന്ത്രമാകാം.

എന്നാൽ, രാജ്യം നടത്തിയിട്ടുള്ള ദീർഘകാല പരിഷ്‌കരണ നടപടികൾ അങ്ങനെതന്നെ നിൽക്കും. സമ്പദ്‌വ്യവസ്ഥയ്ക്ക് അത് ഉത്തേജനം നൽകിയിട്ടുണ്ടെന്നുള്ളതാണ് വാസ്‌തവം. ഓഹരിവിപണി തിരുത്തുകയാണെങ്കിൽ നിക്ഷേപകർ ഓഹരി വാങ്ങാനുള്ള ഒരവസരമായി അതിനെ ഉപയോഗപ്പെടുത്തുകയേയുള്ളൂ. മഹാമാരിയും ആഗോളമാന്ദ്യ ഭീഷണികളും നിലനിൽക്കുമ്പോഴും വിദേശത്തുനിന്ന് നേരിട്ടുള്ള നിക്ഷേപം (എഫ്.ഡി.ഐ) എക്കാലത്തെയും ഏറ്റവും ഉയരത്തിലാണ്.

ജൻധൻ യോജനയും നികുതി പരിഷ്‌കരണങ്ങളും സർക്കാർ ചെലവഴിക്കൽ കൂടുതൽ ഫലപ്രദമാക്കിയിട്ടുണ്ട്. സർക്കാരിന്റെ സബ്സിഡിച്ചെലവ് മൊത്തം ബഡ്‌ജറ്റിന്റെ ഒരു ശതമാനം മാത്രമായി കുറയുമെന്നാണ് കരുതപ്പെടുന്നത്. മൊത്തം ചെലവഴിക്കൽ വർദ്ധന സർക്കാർ നിലനിറുത്തുമെന്നാണ് കരുതപ്പെടുന്നത്. അതിവേഗം വിറ്റഴിയുന്ന ഉത്‌പന്നങ്ങൾക്കും കൃഷിക്കും ഇത് ഗുണകരമായിരിക്കും.

മൂലധനച്ചെലവുകൾ സർക്കാർ 25 ശതമാനം വർദ്ധിപ്പിച്ച് 9.5 ദശലക്ഷം കോടി രൂപയാക്കുമെന്നാണ് കരുതപ്പെടുന്നത്. മഹാമാരിയുടെ പിടിയിൽപ്പെട്ട സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ 2023 സാമ്പത്തികവർഷം ഏർപ്പെടുത്തിയ 35 ശതമാനത്തിന് സമമായി അത് മാറും. മൊത്തം ബഡ്‌ജറ്റിന്റെ 20 ശതമാനത്തിന് മുകളിൽ വരുന്ന ചെലവഴിക്കൽ അടിസ്ഥാനവികസന മേഖലയ്ക്ക് വലിയ ഉത്തേജനമാണ് പകരുക.

അടിസ്ഥാസൗകര്യ വികസനം, ഹൗസിംഗ്, ഊർജം, പ്രതിരോധം നിർമ്മാണം എന്നീ മേഖലകളിലായിരിക്കും സർക്കാർ കൂടുതൽ ശ്രദ്ധിക്കുക. നികുതിയിളവുകൾ വഴി ഈ മേഖലകൾക്ക് കൂടുതൽ പിന്തുണ നൽകാനായിരിക്കും ശ്രമം. എം.സ്.എം.ഇകൾക്ക് പിന്തുണയും പി.എൽ.ഐ പദ്ധതിയുടെ പ്രഖ്യാപനവും പ്രതീക്ഷിക്കപ്പെടുന്നു.

പ്രതീക്ഷിക്കാമോ നികുതിയിളവ്?

വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന സാധാരണക്കാർ പ്രതീക്ഷിക്കുന്ന നികുതിരഹിത പരിധി ഉയർത്തിക്കൊണ്ടുള്ള ഇളവുകളാണ്. നികുതിയിളവുകൾ ഇൻിയും ഉണ്ടാവാനിടയില്ലെന്നാണ് അനുമാനിക്കാൻ. കാരണം, ഇളവുകളില്ലാതെ നികുതിഘടന പരിഷ്‌കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഓഹരിവിപണിയുടെ കണ്ണിൽ നിരീക്ഷിക്കുമ്പോൾ ദീർഘകാല മൂലധനലാഭ നികുതിയും ഓഹരി, സ്വത്ത്, ബോണ്ടുകൾ എന്നിവയുടെ കൈവശ കാലാവധിയും സംബന്ധിച്ച ചട്ടങ്ങൾ യുക്തിഭദ്രമാക്കുകയാണ് വേണ്ടത്. ഒരുവർഷം കൈയിൽവയ്ക്കുന്ന ഓഹരിയിൽ നിന്നുള്ള ലാഭത്തിന് 10 ശതമാനവും യഥാക്രമം രണ്ട്, മൂന്ന് വർഷം കൈവശം വയ്ക്കുന്ന സ്വത്തിനും ബോണ്ടിനും 20 ശതമാനവുമാണ് ഇപ്പോൾ നികുതി. ഓഹരികൈവശ കാലാവധിയിൽ ന്യായമായ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, നികുതിനിരക്ക് വർദ്ധിപ്പിക്കുന്നത് ഹ്രസ്വകാലത്തേക്ക് പ്രതികൂല ഫലമുണ്ടാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, UNION BUDGET 2023, HALWA CEREMONY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.