ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാൻ ബന്ധം വഷളാകുന്നതിനെ പിൻപറ്റി 2023ന് ശേഷമുള്ള ഏറ്റവും മോശം പ്രതിമാസ പ്രകടനത്തിൽ പാകിസ്ഥാൻ ഓഹരി വിപണി. ഇന്നലെ പാക്കിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ച് 3545 പോയിന്റ് ഇടിഞ്ഞു. തൊട്ടുമുൻപത്തെ ദിവസത്തേക്കാൾ 3ശതമാനത്തിലേറെയായിരുന്നു തകർച്ച.24 മുതൽ 36 മണിക്കൂറിനുള്ളിൽ ഇന്ത്യയുടെ ആക്രമണം ഉണ്ടായേക്കാമെന്ന പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അട്ടൗല തരാറിന്റെ മുന്നറിയിപ്പാണ് നിക്ഷേപകരിൽ ആശങ്ക ജനിപ്പിച്ചത്.
ഏപ്രിലിൽ ഡോളർ ബോണ്ടുകളുടെ പ്രകടനം ഏകദേശം 4ശതമാനവും ഇക്വിറ്റികൾ ഏകദേശം 3ശതമാനവും ഇടിഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന്റെ കാരണക്കാർക്കെതിരെ ആഞ്ഞടിക്കാൻ സൈന്യത്തിന് പൂർണാധികാരം നൽകി പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചിരുന്നു.
യുദ്ധഭീതി നിൽക്കുന്നതിനാൽ അസ്ഥിരതകൾക്കൊടുവിൽ ഇന്ത്യൻ ഓഹരിവിപണിയും നേരിയ നഷ്ടം നേരിട്ടു. വിദേശനിക്ഷേപകരിൽ നിന്നുള്ള പണമൊഴുക്ക് കനത്ത നഷ്ടമുണ്ടാകാതെ വിപണിയെ പിടിച്ചു നിറുത്തി.
സെൻസെക്സ് 46 പോയിന്റ് ഇടിഞ്ഞ് 80242.24 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 1.75 പോയിന്റ് ഇടിഞ്ഞ് 24334.2ൽ ക്ളോസ് ചെയ്തു. ഏപ്രിലിൽ ഇന്ത്യൻ ഓഹരിവിപണി തിരിച്ചുവരവിന്റെ പാതയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |