ക്രൂഡ് വില കുറഞ്ഞതോടെ ലാഭത്തിൽ കുതിപ്പ്
കൊച്ചി: രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് ആഭ്യന്തര ഇന്ധന വിലയിൽ മാറ്റം വരുത്താതെ പൊതുമേഖല കമ്പനികൾ കൊഴുക്കുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ പ്രമുഖ പൊതുമേഖല കമ്പനികളായ ബി.പി.സി.എൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(ഐ.ഒ.സി) എന്നിവയുടെ അറ്റാദായവും ലാഭക്ഷമതയും കുതിച്ചുയർന്നു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ(എച്ച്.പി.സി.എൽ) അറ്റാദായവും മെച്ചപ്പെടുമെന്നാണ് വിലയിരുത്തുന്നത്.
വിറ്റുവരവ് കാര്യമായി കൂടിയില്ലെങ്കിലും ഉത്പാദന ചെലവിനേക്കാൾ മൂന്നിരട്ടി വിലയ്ക്ക് പെട്രോൾ, ഡീസൽ, വിമാന ഇന്ധനം തുടങ്ങിയവ വിൽക്കാൻ കഴിഞ്ഞതാണ് പൊതുമേഖല കമ്പനികൾക്ക് ലോട്ടറിയായത്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 85 ഡോളറിൽ നിന്ന് 68 ഡോളറിലേക്ക് താഴ്ന്നിരുന്നു. എന്നാൽ ഇതനുസരിച്ച് ആഭ്യന്തര വില കമ്പനികൾ കുറക്കാതിരുന്നതാണ് നേട്ടമായത്.
ബി.പി.സി.എല്ലിന്റെ വിറ്റുവരവിൽ നാല് ശതമാനം ഇടിവുണ്ടായെങ്കിലും മാർച്ച് പാദത്തിലെ അറ്റാദായം 4,392 കോടി രൂപയാണ്. ഇക്കാലയളവിൽ ഐ.ഒ.സിയുടെ അറ്റാദായം 152 ശതമാനം വർദ്ധിച്ച് 7,264 കോടി രൂപയിലെത്തി. എച്ച്.പി.സി.എല്ലിന്റെ പ്രവർത്തന ഫലം നാളെ പ്രഖ്യാപിക്കും.
മാർജിൻ കൂടുന്നു
കമ്പനികളുടെ ഉത്പാദന ചെലവും വിൽപ്പന വിലയുമായുള്ള വ്യത്യാസമായ റിഫൈനറി മാർജിനിലെ വർദ്ധനയാണ് പ്രധാന നേട്ടം. ബി.പി.സി.എല്ലിന്റെ റിഫൈനിംഗ് മാർജിൻ ബാരലിന് 5.6 ഡോളറിൽ നിന്ന് 9.2 ഡോളറായാണ് കുത്തനെ ഉയർന്നത്. ഐ.ഒ.സിയുടെ മാർജിൻ ബാരലിന് 2.9 ഡോളറിൽ നിന്ന് എട്ടു ഡോളറായാണ് കൂടിയത്. പെട്രോളിയം ഉത്പന്നങ്ങളുടെ വിൽപ്പന്നങ്ങളുടെ വിൽപ്പനയിൽ നിന്നുള്ള ഐ.ഒ.സിയുടെ ലാഭം 4,116.93 കോടിയിൽ നിന്ന് 9,533.54 കോടി രൂപയായി ഉയർന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം
കമ്പനി അറ്റാദായം
ബി.പി.സി.എൽ 13,337 കോടി രൂപ
ഐ.ഒ.സി 13,507 കോടി രൂപ
കേന്ദ്ര സർക്കാരിനും കീശ നിറയും
ലാഭത്തിലെ വർദ്ധന കണക്കിലെടുത്ത് ബി.പി.സി.എല്ലും ഐ.ഒ.സിയും ഓഹരി ഉടമകൾക്ക് ആകർഷകമായ ലാഭവിഹിതം പ്രഖ്യാപിച്ചു. ഓഹരിയൊന്നിന് ബി.പി.സി.എൽ അഞ്ച് രൂപയും ഐ.ഒ.സി മൂന്ന് രൂപയുമാണ് ലാഭവിഹിതം നൽകുന്നത്. പൊതുമേഖല കമ്പനികളുടെ ഭൂരിപക്ഷ ഓഹരി ഉടമയായ കേന്ദ്ര സർക്കാരിനാണ് ഇതിൽ ഏറ്റവുമധികം തുക ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |