കൊച്ചി: പുതിയ ഭവന വായ്പകളെടുക്കുന്ന ഉപഭോക്താക്കൾക്ക് പലിശയിൽ 0.4 ശതമാനം ഇളവ് പ്രഖ്യാപിച്ച് പ്രമുഖ പൊതു മേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡ വിപണിയിൽ മത്സരം ശക്തമാക്കുന്നു. പതിനഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭവന വായ്പകൾക്ക് പുതുക്കിയ നിരക്കനുസരിച്ച് എട്ടു ശതമാനം മുതൽ പലിശയാണ് ഈടാക്കുന്നത്. വായ്പ എടുക്കുന്നവരുടെ ക്രെഡിറ്റ് സ്‌കോർ പരിഗണിച്ചാകും പലിശ നിശ്ചയിക്കുക. വനിത ഉപഭോക്താക്കൾക്ക് പലിശ നിരക്കിൽ 0.05 ശതമാനം കുറവുണ്ടാകും.
ഏപ്രിലിൽ റിസർവ് ബാങ്ക് മുഖ്യ നിരക്കുകളിൽ വരുത്തിയ മാറ്റത്തിന് ആനുപാതികമായ കുറവ് ഉപഭോക്താക്കൾക്ക് നേരത്തെ കൈമാറിയിരുന്നെന്ന് ബി.ഒ.ബി വക്താവ് പറഞ്ഞു. റിപ്പോ നിരക്കുമായി ബന്ധിതമായ നിലവിലുള്ള ഉപഭോക്താക്കൾക്കാണ് നേട്ടമുണ്ടായത്. വായ്പാ വളർച്ച ശക്തമാക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ ഉപഭോക്താക്കൾക്ക് പലിശ നിരക്കിൽ ഇളവ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
റിസർവ് ബാങ്ക് വീണ്ടും പലിശ കുറച്ചേക്കും
ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളും മാന്ദ്യ സാഹചര്യങ്ങളും പരിഗണിച്ച് നടപ്പു സാമ്പത്തിക വർഷം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് 1.25 ശതമാനം വരെ കുറച്ചേക്കുമെന്ന് എസ്.ബി.ഐ ഗവേഷണ വിഭാഗത്തിന്റെ പഠന റിപ്പോർട്ട്. ഇന്ധന വില കുറയുന്നതിനാൽ നാണയപ്പെരുപ്പം മൂന്ന് ശതമാനത്തിന് അടുത്തേക്ക് താഴുമെന്നാണ് വിലയിരുത്തുന്നത്. ജൂൺ, ആഗസ്റ്റ് മാസങ്ങളിലെ ധന അവലോകന യോഗങ്ങളിൽ പലിശയിൽ മുക്കാൽ ശതമാനം കുറവുണ്ടായേക്കും. സാമ്പത്തിക വളർച്ചയ്ക്ക് ഊന്നൽ നൽകുന്ന സമീപനമാകും റിസർവ് ബാങ്ക് സ്വീകരിക്കുകയെന്നും അവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |