ക്രൂഡോയിൽ വിലത്തകർച്ചയും വിദേശ നിക്ഷേപ ഒഴുക്കും കരുത്താകുന്നു
കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്ക ആശങ്കകൾ ഒഴിഞ്ഞതോടെ ആഗോള വിപണികളിൽ വീണ്ടും ആവേശമേറുന്നു. വിദേശ ധനകാര്യ സ്ഥാപനങ്ങൾ സജീവമായി രംഗത്തെത്തിയതോടെ ലോകമെമ്പാടുമുള്ള ഓഹരി വിപണികളും ഏഷ്യൻ നാണയങ്ങളും നേട്ടമുണ്ടാക്കി. ലോകത്തിലെ പ്രമുഖ രാജ്യങ്ങളിലെ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായതിനാൽ ഇന്ത്യൻ രൂപയും കരുത്താർജിച്ചു. ബി.എസ്.ഇ സെൻസെക്‌സ് 294.85 പോയിന്റ് ഉയർന്ന് 80,796.84ൽ അവസാനിച്ചു. നിഫ്‌റ്റി 114.45 പോയിന്റ് നേട്ടവുമായി 24,461.15ൽ എത്തി. ഇന്ത്യൻ വിപണിയിലേക്ക് വിദേശ നിക്ഷേപമൊഴുക്ക് കൂടിയതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഏഴ് മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന തലത്തിലെത്തി. എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക് ഉത്പാദനം ഗണ്യമായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ താഴ്ന്നതും രൂപയ്ക്ക് കരുത്തായി.
ഇതിനിടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് വീണ്ടും 3,310 ഡോളറിലേക്ക് കുതിച്ചുയർന്നു. ഡോളറിന്റെ ദൗർബല്യവും യു.എസ് ബോണ്ടുകളുടെ മൂല്യത്തിലെ ഇടിവുമാണ് സ്വർണത്തിലേക്ക് പണമൊഴുക്ക് കൂട്ടിയത്.
രൂപയ്‌ക്ക് കരുത്താകുന്നത്
1. ഉത്പാദനം കുറയ്ക്കാൻ ഒപ്പെക് തീരുമാനത്തിന് പിന്നാലെ ക്രൂഡോയിൽ വില ബാരലിന് നാല് ശതമാനം കുറഞ്ഞതോടെ ഡോളർ ആവശ്യം കുറഞ്ഞു
2. ഏപ്രിലിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ 4,223 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയതും രൂപയ്ക്ക് ഗുണമായി
3. അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവെക്കുന്നതിന്റെ ഭാഗമായി ഏഷ്യൻ രാജ്യങ്ങൾ നാണയങ്ങളുടെ മൂല്യത്തിൽ മാറ്റം വരുത്തുന്നു
4. ജി.എസ്.ടി വരുമാനത്തിലെ റെക്കാഡ് വർദ്ധന ഇന്ത്യൻ സാമ്പത്തിക മേഖല കരുത്താർജിക്കുന്നതിന്റെ സൂചന നൽകുന്നു
5.ഓഹരി വിപണി ഒരു മാസമായി തുടർച്ചയായി മുന്നേറുന്നതിനാൽ വിദേശ നിക്ഷേപ ഒഴുക്ക് ശക്തമാകുമെന്ന് പ്രതീക്ഷയേറുന്നു
ക്രൂഡോയിൽ വില നാല് ശതമാനം കുറഞ്ഞ് ബാരലിന് 59.8 ഡോളറിലെത്തി
പവൻ വില കൂടി
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണം പവന് 160 രൂപ വർദ്ധിച്ച് 70,200 രൂപയിലെത്തി. ഗ്രാമിന് വില 20 രൂപ ഉയർന്ന് 8,775 രൂപയിലെത്തി. രാജ്യാന്തര വില ഇന്നലെ ഔൺസിന് 70 ഡോളർ കൂടിയതിനാൽ ഇന്ന് കേരളത്തിൽ സ്വർണ വില കൂടിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |