കൊച്ചി: വായ്പകൾക്ക് ഈടായി 18 കാരറ്റ് മുതൽ താഴേയ്ക്കുള്ള സ്വർണം സ്വീകരിക്കാൻ ബാങ്കുകൾ തയ്യാറാകാത്തത് സാധാരണക്കാർക്ക് തിരിച്ചടിയായി. മുഴുവൻ സ്വർണാഭരണങ്ങൾക്കും ഹാൾമാർക്ക് യൂണീക് ഐഡന്റിഫിക്കേഷൻ നടപ്പാക്കിയ കേരളത്തിൽ നിരവധി വായ്പാ അപേക്ഷകളാണ് ബാങ്കുകൾ തള്ളുന്നത്.
22 കാരറ്റ് സ്വർണാഭരണങ്ങൾ മാത്രമാണ് ബാങ്കുകൾ ഈടായി സ്വീകരിക്കുന്നത്. 18, 14, 9 കാരറ്റ് ആഭരണങ്ങൾ ഈടായി പരിഗണിക്കുന്നില്ല. ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും കൈവശമാണ് ഇത്തരം ആഭരണങ്ങൾ കൂടുതലുള്ളത്. സ്വർണവില കുതിച്ചുകയറുന്ന സാഹചര്യത്തിൽ കാരറ്റ് കുറഞ്ഞ സ്വർണമാണ് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നത്. ഇത്തരം സ്വർണം സ്വീകരിക്കാൻ ബാങ്കുകൾ തയ്യാറാകാത്തതുമൂലം കുറഞ്ഞ തുകയുടെ വായ്പ പോലും സാധാരണക്കാർക്ക് ലഭ്യമാകുന്നില്ല.
ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാന്റേർഡ്സ് (ബിസ്) മാർഗനിർദ്ദേശങ്ങൾ പാലിച്ച് ഗുണനിലവാരം ഉറപ്പാക്കി നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ആഭരണങ്ങൾക്ക് കാരറ്റ് കുറഞ്ഞാലും ഗുണനിലവാരം ഉറപ്പാണ്. എന്നാൽ, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും അവയെ ഈടായി സ്വീകരിക്കാൻ തയ്യാറാകുന്നില്ല.
കേന്ദ്രം ഇടപെടണം
ബിസ് മാർക്കുള്ള എല്ലാ ക്യാരറ്റിലുമുള്ള ആഭരണങ്ങൾ ഈടായി സ്വീകരിക്കാൻ നടപടി ആവശ്യപ്പെട്ട് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കേന്ദ്രധനമന്ത്രി നിർമല സീതാരാമന് നിവേദനം നൽകി. ഹാൾ മാർക്ക് ചെയ്ത എല്ലാ ആഭരണങ്ങൾക്കും മൂല്യത്തിനനുസരിച്ച് ഈടായി സ്വീകരിക്കാൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യയ്ക്കും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും നിർദ്ദേശം നൽകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
സ്വർണവിലയിലെ ചാഞ്ചാട്ടത്തിന്റെ വെളിച്ചത്തിൽ നിയമപരമായി ഹാൾമാർക്ക് ചെയ്ത കുറഞ്ഞ ക്യാരറ്റുള്ള ആഭരണങ്ങളെ പ്രോത്സാഹിപ്പിക്കാൻ ബാങ്കുകൾ നിലപാട് മാറ്റാൻ തയ്യാറാകണം.
അഡ്വ.എസ്. അബ്ദുൾ നാസർ
ജനറൽ സെക്രട്ടറി
ഓൾ കേരള ഗോൾഡ് ആൻഡ്
സിൽവർ മർച്ചന്റ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |