
ചെന്നൈ: സ്ട്രീമിംഗ് രംഗത്തെ പ്രമുഖരായ ജിയോ ഹോട്ട്‌സ്റ്റാർ തമിഴ്‌നാട് സർക്കാരുമായി 4,000 കോടി രൂപയുടെ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ദക്ഷിണേന്ത്യയുടെ സർഗാത്മക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 4,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനിയുടെ എസ്.വി.ഒ.ഡി ബിസിനസ് മേധാവിയും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ സുശാന്ത് ശ്രീറാം, സൗത്ത് ക്ലസ്റ്റർ എന്റർടെയിൻമെന്റ് ബിസിനസ് മേധാവി കൃഷ്ണൻ കുട്ടി എന്നിവർ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ ചലച്ചിത്ര-മാധ്യമ സ്ഥാപനങ്ങളുമായി സഹകരിക്കുക, വളരുന്ന കഥാകാരന്മാരെ ശാക്തീകരിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. തമിഴ്‌നാട് സർക്കാരുമായുള്ള വിശാലമായ സഹകരണത്തിന്റെ ഭാഗമാണ് നിക്ഷേപമെന്നും കമ്പനി വ്യക്തമാക്കി. ദക്ഷിണേന്ത്യൻ ഉള്ളടക്കപ്പട്ടിക അനാച്ഛാദനം ചെയ്യുന്നതിനും പ്രാദേശിക പ്രതിഭാ വികസനത്തിനായുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനും ചെന്നൈയിൽ നടന്ന ജിയോ ഹോട്ട്‌സ്റ്റാർ സൗത്ത് അൺബൗണ്ട് ചടങ്ങിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, നടൻ കമൽഹാസൻ തുടങ്ങി ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖർ പങ്കെടുത്തു. രാവിലെ കമ്പനി മേധാവികൾ മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ സാന്നിദ്ധ്യത്തിൽ കരാർ ഒപ്പുവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |