
വാഷിംഗ്ടൺ: 'ട്രംപ് ഗോൾഡ് കാർഡ് വിസ'യ്‌ക്ക് ഔദ്യോഗികമായി ആരംഭം കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തിന് വൻ സാമ്പത്തിക സംഭാവനകൾ നൽകാൻ തയ്യാറാകുന്ന സമ്പന്നരായ വിദേശ പൗരന്മാർക്ക് യുഎസിൽ നിയമപരമായ താമസത്തിന് അനുമതി നൽകുന്നതാണ് 'ട്രംപ് ഗോൾഡ് കാർഡ് വിസ'. നിലവിലുള്ള വിസ വ്യവസ്ഥകളെ മറികടക്കുന്ന ഈ പുതിയ വിസ സംവിധാനം വ്യാഴാഴ്ച മുതൽ പ്രവർത്തനക്ഷമമായി.
വിവിധ പരിശോധനകൾക്കായി അപേക്ഷകർ ആദ്യം ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിൽ 15000 യുഎസ് ഡോളർ പ്രോസസ്സിംഗ് ഫീസായി അടയ്ക്കണം. പരിശോധനകൾക്കുശേഷം യുഎസ് ട്രഷറിയിലേക്ക് ഒരു മില്യൺ യുഎസ് ഡോളർ സംഭാവനയായും നൽകണം. ഈ സംഭാവന രാജ്യത്തിന്റെ ക്ഷേമത്തിനുവേണ്ടിയാണെന്ന് ഔദ്യോഗിക രേഖകളിൽ വിവരിച്ചിരിക്കുന്നു. പരിശോധനകളിലൂടെ അർഹരാകുന്ന അപേക്ഷകർക്ക് നിലവിലുള്ള ബി വൺ അല്ലെങ്കിൽ ബി ടു വിസകളിലൂടെ നിയമപരമായി സ്ഥിരതാമസത്തിനുള്ള അംഗീകാരവും ലഭിക്കുന്നു. ഇത് യുഎസ് ഗ്രീൻ കാർഡിന് (സ്ഥിര താമസം) സമാനമായ അവകാശങ്ങൾ നൽകുന്നു.
നിക്ഷേപകർ, സംരംഭകർ, ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിൽ ചെയ്യുന്നവർ എന്നിവരെ ലക്ഷ്യമാക്കിയാണ് പ്രധാനമായും 'ട്രംപ് ഗോൾഡ് കാർഡ് വിസ' അവതരിപ്പിച്ചിരിക്കുന്നത്. മിനിമം വിദ്യാഭ്യാസ എന്ന മാനദണ്ഡം ഈ വിസയ്‌ക്ക് ബാധകമല്ല. മില്യൺ കണക്കിന് യുഎസ് ഡോളറുകൾ രാജ്യത്തിന് സംഭാവന നൽകാനുള്ള അപേക്ഷകന്റെ കഴിവ് മാത്രമാണ് ഈ വിസ ലഭിക്കുന്നതിന് ആധാരം.
ഒരു പ്രത്യേക കോർപ്പറേറ്റ് ഗോൾഡ് കാർഡ് സ്കീമിന് കീഴിൽ കമ്പനികൾക്ക് വിദേശ ജീവനക്കാരെ സ്പോൺസർ ചെയ്യാനും സാധിക്കുന്നു. ഒരാൾക്ക് 15,000 യുഎസ് ഡോളർ പ്രോസസ്സിംഗ് ഫീസും പരിശോധനകൾക്ക് ശേഷം രണ്ടു മില്യൺ യുഎസ് ഡോളർ സംഭാവനയും നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |