കരുതലോടെ ഓഹരി വിപണി

Monday 18 May 2026 2:41 AM IST

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്ന ക്രൂഡ് ഓയിൽ വില, വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച എന്നീ കാരണങ്ങളാൽ വരും ദിവസങ്ങളിലും ഇന്ത്യൻ ഓഹരി വിപണിയിൽ അസ്ഥിരത തുടരാൻ സാദ്ധ്യതയെന്ന് വിദഗ്‌ദ്ധർ. നിക്ഷേപകർ ഓഹരികൾ വ്യാപകമായി വിറ്റഴിക്കുന്നതാണ് കഴിഞ്ഞ ആഴ്ച വിപണി കണ്ടത്. നിഫ്റ്റി അഞ്ച് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ കൂപ്പുകുത്തിയ ശേഷമാണ് 23, 643.50ൽ വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 2.70 ശതമാനം ഇടിഞ്ഞ് 75,237 ലുമെത്തി.

ഡോളറിനെതിരെ രൂപയുടെ മൂല്യം തക‍ർന്നടിയുകയാണ്. ആഗോള തലത്തിൽ ഡോളർ കരുത്താർജിക്കുന്നതാണ് രൂപയ്ക്ക് സമ്മ‍ർദ്ദം സൃഷ്ടിക്കുന്നത്. എണ്ണക്കമ്പനികളും ഇറക്കുമതി സ്ഥാപനങ്ങളും വലിയ തോതിൽ ഡോളർ വാങ്ങികൂട്ടുന്നതാണ് വെല്ലുവിളി. ഏഷ്യയിലെ പ്രധാന നാണയങ്ങളിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടതും രൂപയ്ക്കാണ്.

രൂപയുടെ മൂല്യം ഇടിയുന്നു

കഴിഞ്ഞ വാരത്തിൽ വലിയ സമ്മർദ്ദത്തിലായ ഇന്ത്യൻ രൂപ, യു.എസ് ഡോളറിനെതിരെ 96.1425 എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിലെത്തിയിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും വിദേശ അസംസ്‌കൃത വസ്തുക്കളെയും വിദേശ വായ്പകളെയും ആശ്രയിക്കുന്ന ബിസിനസ് മേഖലകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

ഇറാൻ-യുഎസ് സംഘർഷം

പശ്ചിമേഷ്യൻ സംഘർഷം നിക്ഷേപകരെ ആശങ്കയിലാക്കുന്നു. ക്രൂഡ് ഓയിൽ വില ഉയരുന്നത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവിനെയും നാണയപ്പെരുപ്പത്തെയും കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു.

യു.എസ് ബോണ്ട് യീൽഡ് ഉയരുന്നു

യു.എസ് 10വർഷ ട്രഷറി നോട്ടിന്റെ യീൽഡ് (ആദായം) 4.603ശതമാനത്തിലേക്ക് ഉയർന്നു. യു.എസ് ബോണ്ട് യീൽഡ് ഉയരുന്നത് ഇന്ത്യൻ ഓഹരികൾ ഉൾപ്പെടെയുള്ള വളർന്നുവരുന്ന വിപണികളെ വിദേശ നിക്ഷേപകർക്ക് ആകർഷകമല്ലാതാക്കുന്നു.

വിദേശനിക്ഷേപകരുടെ പിന്മാറ്റം

വിദേശ സ്ഥാപന നിക്ഷേപകർ വൻതോതിൽ വിറ്റഴിക്കൽ തുടരുകയും വിപണിയിൽ നിന്ന് 13,583 കോടി രൂപ പിൻവലിക്കുകയും ചെയ്തു. അതേസമയം, ആഭ്യന്തര നിക്ഷേപകർ ഓഹരികൾ വാങ്ങുന്നത് തുടരുന്നതിനാൽ വിറ്റഴിക്കൽ സമ്മർദ്ദം ഒരു പരിധി വരെ കുറയ്ക്കുന്നു.