മഞ്ഞകുറ്റി തെറിച്ചു; തിരിച്ചുകിട്ടിയ ഭൂമിയിൽ വമ്പൻ നിക്ഷേപത്തിന് കൊച്ചി ഇൻഫോപാർക്ക്
ലഭിച്ചത് 45 ഏക്കർ ഭൂമി
കൊച്ചി: യു.ഡി.എഫ് സർക്കാർ കെ റെയിൽ പദ്ധതി റദ്ദാക്കിയതോടെ ഇൻഫോപാർക്കിന് തിരിച്ചുകിട്ടിയ 45 ഏക്കർ ഭൂമിയിൽ നിക്ഷേപിക്കാൻ കമ്പനികൾക്ക് ആവേശമേറുന്നു. പദ്ധതിക്കായി മരവിപ്പിച്ചിരുന്ന ഭൂമിയിലെ 22 ഏക്കറിൽ മൂന്ന് സ്വകാര്യ കമ്പനികളുടെ കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കും.
ഇൻഫോപാർക്ക് രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട ഭൂമിയാണ് കെ റെയിലിനായി 10 വർഷം മുൻപ് മരവിപ്പിച്ചത്. ഇതിൽ 8.5 ഏക്കർ അമേരിക്കൻ ഡിജിറ്റൽ ടെക്നോളജി കമ്പനിയായ യു.എസ്.ടിക്കും 9.3 ഏക്കർ മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിനും 4.11 ഏക്കർ പടിയത്ത് ഗ്രൂപ്പിനും കൈമാറിയതായിരുന്നു. കെ റെയിലിനായി നീക്കിവെച്ചതോടെ കമ്പനികൾക്ക് നിർമ്മാണം തുടങ്ങാനായിരുന്നില്ല. യു.എസ്.ടിയുടെ സ്ഥലം മരവിപ്പിച്ചത് ഒരുവർഷം മുമ്പ് പ്രത്യേക ഉത്തരവിലൂടെ എൽ.ഡി.എഫ് സർക്കാർ റദ്ദാക്കിയിരുന്നു.
320 കോടി രൂപ നിക്ഷേപത്തിൽ 10 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഐ.ടി കെട്ടിടം നിർമ്മിക്കാനാണ് പടിയത്ത് ഗ്രൂപ്പ് 2015ൽ സ്ഥലമെടുത്തത്. 2016ൽ ഏറ്റെടുത്ത സ്ഥലത്ത് 450 കോടി രൂപ നിക്ഷേപത്തിൽ കെട്ടിടം ഒരുക്കാനാണ് മുത്തൂറ്റ് ഗ്രൂപ്പ് ലക്ഷ്യമിട്ടത്.
ഭൂമി തേടി നിക്ഷേപകരുടെ ഒഴുക്ക്
മൂന്നു കമ്പനികൾക്ക് നൽകിയ ശേഷമുള്ള 23.02 ഏക്കർ ഭൂമി റോഡ്, മറ്റ് പൊതുസൗകര്യം എന്നിവ ഒരുക്കിയ ശേഷം ഐ.ടി കമ്പനികൾക്കായി നൽകും. സ്ഥലത്തിനായി നിരവധി അന്താരാഷ്ട്ര കമ്പനികൾ രംഗത്തുണ്ട്.
കൊച്ചിയിൽ നിക്ഷേപകർ കാത്തുനിൽക്കുകയാണ്. സ്ഥല ലഭ്യതയാണ് തടസം.
തിരിച്ചുകിട്ടിയ സ്ഥലം താത്പര്യമുള്ളവർക്ക് കൈമാറും
സുശാന്ത് കുറുന്തിൽ,സി.ഇ.ഒ,ഇൻഫോപാർക്ക്