ദിവസ വേതനക്കാർക്ക് പി.എൻ.ബി ഡിജിറ്റൽ വായ്‌പാ പദ്ധതി

Saturday 30 May 2026 12:25 AM IST

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് ദിവസവേതനക്കാർക്കും വിവിധ കമ്മ്യൂണിറ്റി അധിഷ്ഠിത തൊഴിലാളികൾക്കുമായി 'ഡി.ജി പി.എൻ.ബി ശ്രം സാഥി' എന്ന ഡിജിറ്റൽ വായ്‌പാ പദ്ധതി അവതരിപ്പിച്ചു. കേന്ദ്ര സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ സ്‌പോൺസേർഡ് ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്ന അങ്കണവാടി ജീവനക്കാർ, ആശാ വർക്കർമാർ, ശുചീകരണ തൊഴിലാളികൾ, ദിവസവേതനക്കാർ, കരാർ തൊഴിലാളികൾ തുടങ്ങിയ ഫ്രണ്ട്‌ലൈൻ ജീവനക്കാർക്ക് ഈ പദ്ധതിയിലൂടെ ഈടില്ലാതെ ഒരു ലക്ഷം രൂപ വരെ ഡിജിറ്റൽ വായ്‌പയായി ലഭിക്കും.

നിലവിൽ പി.എൻ.ബിയിൽ അക്കൗണ്ടുള്ളവർക്ക് പൂർണമായും ഡിജിറ്റൽ മാർഗ്ഗത്തിലൂടെ മാത്രമാണ് വായ്‌പ ലഭ്യമാക്കുക. താഴെത്തട്ടിലുള്ള തൊഴിലാളികളുടെ സാമ്പത്തിക ശാക്തീകരണവും പങ്കാളിത്ത വികസനവും ലക്ഷ്യമിട്ട് 'വിഷൻ വിക്‌സിത് ഭാരത് @ 2047' എന്ന ദർശനത്തിന്റെ ഭാഗമായാണ് ബാങ്ക് പദ്ധതി ആവിഷ്‌കരിച്ചത്. കുറഞ്ഞത് പതിനായിരം രൂപ മുതൽ പരമാവധി ഒരു ലക്ഷം രൂപ വരെയാണ് 11 % പലിശ നിരക്കിൽ വായ്‌പ അനുവദിക്കുക.

തിരിച്ചടവ് കാലാവധി പരമാവധി 36 മാസം. കെ.വൈ.സി വിവരങ്ങൾ കൃത്യമായി സമർപ്പിച്ചിട്ടുള്ള ജോലിയുള്ള പി.എൻ.ബി ഉപഭോക്താക്കൾക്കാണ് വായ്‌പയ്ക്ക് അർഹത. വായ്‌പയെടുക്കുന്നവരുടെ വാർഷിക കുടുംബ വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. പദ്ധതിക്ക് കീഴിൽ പ്രോസസിംഗ് ഫീസോ ഡോക്യുമെന്റേഷൻ ചാർജുകളോ ഈടാക്കുന്നതല്ല. വായ്‌പകൾക്ക് ഇൻഷ്വറൻസ് പരിരക്ഷയുണ്ടാകുമെന്നും പ്രീമിയം തുക ബാങ്ക് വഹിക്കുമെന്നും പി.എൻ.ബി റീട്ടെയ്ൽ അസറ്റ് ബിസിനസ് ഡിവിഷൻ ജി.എം സുബോധ് കുമാർ പറഞ്ഞു.