കുറഞ്ഞത് 3440 രൂപ, സ്വര്‍ണ വില 'ഉരുകുന്നത്' എണ്ണത്തീയില്‍, ഇനിയും കുറയും?
സാമ്പത്തിക പ്രതിസന്ധി രൂക്ഷം
കൊച്ചി: ആഗോള മേഖലയില്‍ ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ സ്വര്‍ണവും രൂപയും തകര്‍ന്നടിഞ്ഞു. സുരക്ഷിതത്വം തേടി നിക്ഷേപകര്‍ ഡോളര്‍, യു.എസ് ബോണ്ടുകള്‍ എന്നിവയിലേക്ക് പണമൊഴുക്കിയതാണ് രൂപയ്ക്കും സ്വര്‍ണത്തിനും തിരിച്ചടിയായത്. വിദേശ നാണയ ശേഖരം സംരക്ഷിക്കാനായി ഇന്ത്യ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ആറില്‍ നിന്നും 15 ശതമാനമായി ഉയര്‍ത്തിയതോടെ ഉപഭോഗം ഇടിയുമെന്ന ആശങ്ക സ്വര്‍ണ വിലയിടിവ് രൂക്ഷമാക്കി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇന്നലെ ഔണ്‍സിന് നൂറ് ഡോളര്‍ കുറഞ്ഞ് 4,550 ഡോളറായി.
ആഗോള വിപണിയുടെ ചുവടു പിടിച്ച് മള്‍ട്ടി കമ്മോഡിറ്റി എക്സ്‌ചേഞ്ചില്‍ സ്വര്‍ണ വില പത്ത് ഗ്രാമിന് 3,000 രൂപ കുറഞ്ഞ് 1,59,000 രൂപയിലെത്തി. കേരളത്തില്‍ സ്വര്‍ണ വില പവന് ഇന്നലെ മൂന്ന് തവണയായി 3,440 രൂപ കുറഞ്ഞ് 1,15,600 രൂപയായി. ഗ്രാമിന്റെ വില 430 രൂപ ഇടിഞ്ഞ് 14,450 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 290 രൂപയിലേക്ക് താഴ്ന്നു.
കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വില്‍ക്കുന്നു
ക്രൂഡോയില്‍ വില വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ വിദേശ നാണയം സമാഹരിക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ ശേഖരം വിറ്റഴിക്കുന്നതാണ് വിലയിടിവ് ശക്തമാക്കുന്നത്.
ക്രൂഡോയില്‍ വിലക്കയറ്റം ഏപ്രിലില്‍ ലോകമെമ്പാടും വിലക്കയറ്റം രൂക്ഷമാക്കുകയാണ്. ഇതിനാല്‍ അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് അടക്കമുള്ള കേന്ദ്ര ബാങ്കുകള്‍ മുഖ്യ പലിശ നിരക്ക് കൂട്ടുമെന്ന വാര്‍ത്തകള്‍ സ്വര്‍ണത്തിന് പ്രിയം കുറച്ചു. വിദേശ നാണയ ശേഖരം സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സ്വര്‍ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചതോടെ സ്വര്‍ണ വില്‍പ്പന ഗണ്യമായി ഇടിയുകയാണെന്ന് ജുവലറി ഉടമകള്‍ പറയുന്നു.
രൂപ @96.14
ക്രൂഡോയില്‍ വിലയിലെ വര്‍ദ്ധനയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച രൂക്ഷമാക്കും. ഡോളറിനെതിരെ ഇന്നലെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തലമായ 96.14ല്‍ അവസാനിച്ചു. റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടും രൂപയ്ക്ക് പിന്തുണയാകുന്നില്ല. ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറന്‍സിയാണ് രൂപ.
വിദേശ നാണയ ശേഖരം ഉയര്‍ന്നു
കൊച്ചി: ആഗോള അനിശ്ചിതത്വത്തിന് ഇടയിലും ഇന്ത്യയുടെ വിദേശ നാണയ ശേഖരം ഉയരുന്നു. മേയ് എട്ടിന് അവസാനിച്ച വാരത്തില്‍ വിദേശ നാണയ ശേഖരം 629.5 കോടി ഡോളര്‍ വര്‍ദ്ധിച്ച് 69,698.8 കോടി ഡോളറിലെത്തി. മുന്‍വാരം വിദേശ നാണയ ശേഖരം 779.4 കോടി ഡോളര്‍ ഇടിഞ്ഞിരുന്നു. ഫെബ്രുവരിയില്‍ 72,849.4 കോടി ഡോളറെന്ന റെക്കാഡ് ഉയരത്തിലെത്തിയതിന് ശേഷമാണ് വിദേശ നാണയ ശേഖരം കുത്തനെ ഇടിഞ്ഞത്. പശ്ചിമേഷ്യയിലെ യുദ്ധം ക്രൂഡ് വില ഉയര്‍ത്തിയതാണ് തിരിച്ചടിയായത്. സ്വര്‍ണ ശേഖരത്തിന്റെ മൂല്യം കഴിഞ്ഞ വാരം 563.7 കോടി ഡോളര്‍ വര്‍ദ്ധനയോടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തലമായ 12,085.3 കോടി ഡോളറിലെത്തി.