നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിക്കും; പണച്ചെലവില്‍ സാധാരണക്കാരന് ആശങ്കയുടെ നാളുകള്‍
കൊച്ചി: ഇറാന് യുദ്ധം ഉത്പാദന ചെലവ് ഉയര്‍ത്തിയതോടെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ രാജ്യത്തെ മുന്‍നിര എഫ്.എം.സി.ജി കമ്പനികള്‍ തയ്യാറെടുക്കുന്നു. ഹോര്‍മുസ് ഇടനാഴിയിലെ തടസങ്ങള്‍ അസംസ്കൃത സാധനങ്ങളുടെ ലഭ്യത കുറച്ചതും ചരക്ക് കൈമാറ്റ ചെലവുകള്‍ കൂടിയതും രൂപയുടെ മൂല്യത്തകര്‍ച്ചയും കമ്പനികളുടെ മാര്‍ജിന്‍ ഇടിക്കുകയാണ്. പായ്ക്ക്ഡ് ഭക്ഷ്യ സാധനങ്ങള്‍, പേഴ്ണല്കെയര് ഉത്പന്നങ്ങള്‍, ഡിറ്റര്ജന്റുകള്ന് സോപ്പുകള്‍, സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് എഫ്.എം.സി.ജി വിഭാഗത്തിലുള്ളത്. യുദ്ധത്തിന്റെ ഭാഗമായി ഉത്പാദനം, പാക്കേജിംഗ്, ചരക്കു ഗതാഗതം തുടങ്ങിയ മേഖലകളില്‍ അധിക ബാദ്ധ്യതയാണ് എഫ്.എം.സി.ജി കമ്പനികള്‍ നേരിടുന്നതെന്ന് അനലിസ്റ്റുകള്‍ പറയുന്നു.
ഏഷ്യന്‍ പെയിന്റ്സ് കഴിഞ്ഞ ദിവസം വീണ്ടും ഉത്പന്നങ്ങളുടെ വില ഉയര്‍ത്തി. മാര്‍ജിന്‍ സമ്മര്‍ദ്ദം കണക്കിലെടുത്ത് മുന്‍നിര കമ്പനികള്‍ വിലയിളവുകള്‍ പിന്‍വലിക്കുകയാണ്. ഇതോടൊപ്പം പല കമ്പനികളും പാക്കറ്റുകളുടെ വലുപ്പം കുറച്ചിരുന്നു. നഗരങ്ങളില്‍ ഉപഭോഗ ഉണര്‍വ് ശക്തമാകുമ്പോള്‍ വില വര്‍ദ്ധന തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് അധിക ആനുകൂല്യങ്ങള്‍ പിന്‍വലിക്കുന്നത്.
ഉത്പന്ന ലഭ്യത കുറയുന്നു
ഹോര്‍മുസ് ഇടനാഴി അടച്ചതോടെ ചരക്കുഗതാഗതം അവതാളത്തിലായതിനാല്‍ വിപണിയില്‍ ഉത്പന്നങ്ങളുടെ ലഭ്യത കുറയുകയാണ്. അതേസമയം ആഭ്യന്തര വിപണിയില്‍ ഉപഭോഗം പ്രതീക്ഷിച്ചതിലും കൂടുതലാണ്. ജി.എസ്.ടി നിരക്കുകള്‍ കുറച്ചതിന് ശേഷം മികച്ച വില്‍പ്പനയാണ് ദൃശ്യമാകുന്നത്. അതിനാല്‍ വില വര്‍ദ്ധന പരമാവധി ഒഴിവാക്കാനാണ് ശ്രമം.
മാരികോ അറ്റാദായത്തില്‍ വര്‍ദ്ധന
പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ മാരികോയുടെ അറ്റാദായം 18.26 ശതമാനം ഉയര്‍ന്ന് 408 കോടി രൂപയായി. ആഭ്യന്തര വിപണിയിലെ ഉപഭോഗ വളര്‍ച്ചയാണ് കമ്പനിക്ക് നേട്ടമായത്. പ്രവര്‍ത്തന വരുമാനം 25.7 ശതമാനം ഉയര്‍ന്ന് 13,611 കോടി രൂപയിലെത്തി.