ഐ.ഇ.ഡി സ്ഫോടനം ഛത്തീസ്ഗഢിൽ നാല് ജവാന്മാർക്ക് വീരമൃത്യു
Sunday 03 May 2026 12:45 AM IST
റായ്പൂർ: ഛത്തീസ്ഗഢിൽ ഐ.ഇ.ഡി നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് ജവാന്മാർക്ക് വീരമൃത്യു. മൂന്ന് പേർ ചികിത്സയിലാണ്. കാങ്കർ നാരായൺപൂർ അതിർത്തിക്ക് സമീപമാണ് സംഭവം. പ്രദേശം നിരീക്ഷിക്കാനും മാവോയിസ്റ്റുകൾ മുമ്പ് സ്ഥാപിച്ചിരുന്ന സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനും ജില്ലാ റിസർവ് ഗാർഡ് (ഡി.ആർ.ജി) സംഘത്തെ നിയോഗിച്ചിരുന്നു. ഇവർ ഐ.ഇ.ഡി നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇൻസ്പെക്ടർ സുഖ്റാം വട്ടി, കോൺസ്റ്റബിൾ കൃഷ്ണ കൊംമ്ര, കോൺസ്റ്റബിൾ സഞ്ജയ് ഗഡ്പാലെ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇന്റലിജൻസ് വിവരങ്ങളുടെയും കീഴടങ്ങിയ മാവോയിസ്റ്റുകൾ നൽകിയ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ സുരക്ഷാ സേന അടുത്തിടെ മേഖലയിൽ നൂറുകണക്കിന് ഐ.ഇ.ഡികൾ നിർവീര്യമാക്കിയിരുന്നു.