
ജയ്പൂർ: രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയുടെ വിക്കറ്റെടുത്തതിന് ശേഷം ഡൽഹി ക്യാപിറ്റൽസ് പേസർ കൈൽ ജാമിസൺ നടത്തിയ വിജയാഘോഷം വൈറലായിരുന്നു. 15കാരനായ വൈഭവിനെ ബൗൾഡാക്കിയാണ് കൈൽ പുറത്താക്കിയത്. എന്നാൽ കൈലിന്റെ വിജയാഘോഷം അതിരുകടന്നുവെന്ന് വ്യാപക വിമർശനമുയർന്നിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 ലംഘിച്ചതായും കണ്ടെത്തി. ഇപ്പോഴിതാ കൈലിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പഞ്ചാബ് കിംഗ്‌സ് താരം ലോക്കി ഫെർഗൂസൺ. താരത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഫെർഗൂസൺ തന്റെ സുഹൃത്ത് കൂടിയായ കൈലിനെ സംഭവത്തിൽ ന്യായീകരിച്ചത്. ഒരു മാദ്ധ്യമ സംവാദത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കൈൽ എന്റെ അടുത്ത സുഹൃത്താണ്. അവൻ അല്പം ആവേശത്തിലായിരുന്നു, അത് സ്വാഭാവികമല്ലേ? ഇന്ത്യയിൽ വിക്കറ്റുകൾ വീഴ്ത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പോരാത്തതിന് അതൊരു നിർണായക വിക്കറ്റും കൂടിയാകുമ്പോൾ. അതിനാൽ ഇതൊക്കെ കളിയുടെ ഭാഗമാണെന്നാണ് എനിക്ക് തോന്നുന്നത്. കളിക്കാരുടെ ആവേശം കാണാൻ ആരാധകർക്കും ഇഷ്ടമാണ്. ക്രിക്കറ്റ് ബോർഡിന്റെ തീരുമാനങ്ങളെക്കുറിച്ച് എനിക്ക് അഭിപ്രായം പറയാൻ കഴിയില്ല, പക്ഷേ ഒരു താരം എന്ന നിലയിൽ ഇത്തരം ആഘോഷ പ്രകടനങ്ങൾ ക്രിക്കറ്റിന് നല്ലതാണെന്നാണ് എന്റെ പക്ഷം. ക്രിക്കറ്റിനെ സ്നേഹിക്കുന്ന ആർക്കായാലും താരങ്ങൾ ഇത്രയും പാഷനോട് കൂടി കളിക്കുന്നത് കാണാനാണ് താൽപ്പര്യം. ഒരു വിക്കറ്റ് കിട്ടുമ്പോൾ അവർ പ്രകടിപ്പിക്കുന്ന ആവേശവും വികാരങ്ങളുമൊക്കെ കാണാൻ നല്ല രസമാണ്.'-ഫെർഗൂസൺ കൂട്ടിച്ചേർത്തു.
മത്സരശേഷം കൗമാര താരത്തെ കൈൽ പ്രശംസിക്കുകയും ചെയ്തിരുന്നു. ഐപിഎൽ പങ്കുവച്ച വീഡിയോയിലാണ് പ്രശംസ. 'എന്റെ ജീവിതത്തിൽ ഇതുവരെ ഒരു 15കാരനെ ഇത്രയധികം ഭയപ്പെട്ടിട്ടില്ല. അവനെതിരെ ഞങ്ങൾ കൃത്യമായ പ്ലാനിംഗ് നടത്തിയിരുന്നു. ആ പ്ലാൻ നടപ്പിലാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്'-കൈൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |