സ്വകാര്യമേഖലയിലെ പ്രവാസികൾക്ക് ബലിപെരുന്നാൾ അവധി നീട്ടാൻ അവസരം? നിയമത്തിൽ വകുപ്പുണ്ട്

Wednesday 20 May 2026 2:21 PM IST

അബുദാബി: ഈദ് അൽ അദ (ബലിപെരുന്നാൾ) ആഘോഷത്തിനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ. ഇതിനൊപ്പം അവധിക്ക് നാട്ടിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസികൾ. ആറുദിവസത്തെ അവധിയാണ് സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ലഭിക്കുന്നത്. തിങ്കളാഴ്‌ച കൂടി അവധിയെടുത്ത് അവധിദിനങ്ങൾ ഒൻപതായി നീട്ടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മിക്കവാറും പ്രവാസികളും.

മേയ് 26 മുതൽ മേയ് 31വരെയാണ് ബലിപെരുന്നാൾ അനുബന്ധിച്ച് സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് അവധിയുള്ളത്. എന്നാൽ പൊതുമേഖലാ ജീവനക്കാർക്ക് മേയ് 23 മുതൽ അവധി ലഭിക്കുന്നു. മേയ് 23 ഞായർ മുതൽ മേയ് 31 തിങ്കൾവരെ ഒൻപത് ദിവസത്തേക്കാണ് ഇവർക്ക് അവധി ലഭിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് മേയ് 25 ഔദ്യോഗിക ബവലിപെരുന്നാൾ അവധിയാണ്.

എന്നാൽ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് അവധി നീട്ടിനൽകുന്നത് കമ്പനി നയങ്ങൾ, ജീവനക്കാരുടെ ലഭ്യത, പ്രവർത്തന ആവശ്യങ്ങൾ എന്നിവയ്ക്കനുസൃതമായിരിക്കുമെന്ന് എച്ച്‌ആർ വിദഗ്ദ്ധരും നിയമ വിദഗ്ദ്ധരും വ്യക്തമാക്കുന്നു. യുഎഇയിലെ തൊഴിൽ നിയമങ്ങൾ പ്രകാരം ജീവനക്കാർക്ക് അവധി നീട്ടുന്നതിന് അപേക്ഷ നൽകാമെങ്കിലും അനുമതി നൽകുന്നതിൽ തീരുമാനം കൈക്കൊള്ളുന്നത് പൂർണമായും കമ്പനിയായിരിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

'യുഎഇ തൊഴിൽ നിയമപ്രകാരം പൊതു അവധി ദിവസത്തിനും വാരാന്ത്യത്തിനും ഇടയിൽ തിങ്കളാഴ്ച വരുമ്പോൾ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെയോ ശമ്പളമില്ലാതെയോ അവധി ആവശ്യപ്പെടാൻ അവകാശമുണ്ട്. എന്നിരുന്നാലും ജോലിയുടെ സ്വഭാവം, പ്രവർത്തന ആവശ്യകതകൾ, അടിയന്തര സാഹചര്യങ്ങൾ, കമ്പനി നയങ്ങൾ, ജീവനക്കാരുടെ ലഭ്യത എന്നിവയെ അടിസ്ഥാനമാക്കി അവധി ക്രമീകരണങ്ങൾ തീരുമാനിക്കാനുള്ള അധികാരം തൊഴിലുടമകൾക്ക് നൽകപ്പെട്ടിരിക്കുന്നു'- എന്നാണ് നിയമത്തിൽ പറയുന്നത്.