പ്രമുഖ ഹോട്ടലിൽ നിന്നും ചിക്കൻ ഷവർമ കഴിച്ച 12 പേർക്ക് ദേഹാസ്വാസ്ഥ്യം, നടപടി

Monday 29 April 2024 10:47 AM IST

മുംബയ്: ചിക്കൻ ഷവർമ കഴിച്ച 12 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബയിലെ ഗോരെഗാവ് നഗരത്തിലെ നോൺ വെജി​റ്റേറിയൻ സ്ട്രീ​റ്റ് ഫുഡ് ലഭിക്കുന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

ഭക്ഷ്യവിഷബാധയെ തുടർന്നാണ് 12 പേർക്കും ദേഹാസ്വാസ്ഥ്യം വന്നതെന്ന് ബ്രിഹാൻ മുംബയ് മുൻസിപ്പൽ കോർപറേഷൻ (ബിഎംസി) സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ഒമ്പത് പേർ സുഖം പ്രാപിച്ചതിനെ തുടർന്ന് ആശുപത്രി വിട്ടെന്നും മൂന്ന് പേർ ചികിത്സയിലാണെന്നും ആശുപത്രി സൂപ്രണ്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഹോട്ടലിൽ നിന്നും വെളളിയാഴ്ച ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ വെളളി, ശനി ദിവസങ്ങളിൽ തന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവർ ഹോട്ടൽ ജീവനക്കാരെ അറിയിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിൽ പരിശോധന നടത്താൻ ഭക്ഷ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

ഉത്തർപ്രദേശിലെ നോയിഡയിലെ ഹോസ്​റ്റലിൽ നിന്നും ഭക്ഷണം കഴിച്ച 76 വിദ്യാർത്ഥികളും ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഹോസ്​റ്റലിൽ നിന്നും രാത്രിയിലെ ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഭക്ഷ്യവിഷബാധയേറ്റവർ നോയിഡയിലെ പല കോളേജുകളിൽ പഠിക്കുന്നവരാണ്. ഇവർക്ക് രാത്രിയിൽ തലകറക്കം, ഛർദ്ദി തുടങ്ങിയ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും പരിശോധന നടന്നുവരികയാണെന്നുമാണ് പൊലീസ് അറിയിച്ചത്.