മൂന്ന് മക്കളെ ഉപേക്ഷിച്ച് മുപ്പതുകാരി പ്ലസ് ടു വിദ്യാർത്ഥിയെ വിവാഹം കഴിച്ചു; നടന്നത് യുവതിയുടെ മൂന്നാം വിവാഹം
ലക്‌നൗ: മൂന്ന് കുട്ടികളുടെ അമ്മയായ മുപ്പതുകാരി മതം മാറി പ്ലസ്ടു വിദ്യാർത്ഥിയെ വിവാഹം ചെയ്തു. ഉത്തർപ്രദേശിൽ ബുധനാഴ്ചയാണ് യുവതി ഹിന്ദുമതം സ്വീകരിച്ചശേഷം വിദ്യാർത്ഥിയെ വിവാഹം ചെയ്തത്. ശബ്‌നം എന്ന യുവതിയാണ് മതം മാറിയത്. ഇവർ ശിവാനി എന്നും പേര് മാറ്റിയിരുന്നു. ഇവർ മുൻപ് രണ്ടുതവണ വിവാഹം കഴിച്ചിട്ടുണ്ടെന്നും യുവതി മാതാപിതാക്കൾക്കൊപ്പമല്ല താമസിച്ചിരുന്നതെന്നും ഹസൻപൂർ സർക്കിൾ ഓഫീസർ ദീപ്കുമാർ പന്ത് വ്യക്തമാക്കി.
അയൽവാസിയായ ശിവ എന്ന വിദ്യാർത്ഥിയെയാണ് ശിവാനി വിവാഹം കഴിച്ചത്. രണ്ടാം വിവാഹത്തിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച വിവാഹമോചനം നേടിയിരുന്നു. ഗ്രാമത്തിലെ ക്ഷേത്രത്തിലായിരുന്നു വിവാഹചടങ്ങ് നടന്നത്. മതപരിവർത്തന നിരോധന നിയമം നിലവിലുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. നിർബന്ധിച്ചോ വഞ്ചിച്ചോ മതപരിവർത്തനം നടത്തുന്നത് കുറ്റകരമാണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
മീററ്റ് സ്വദേശിയായ യുവാവിനെയാണ് 30 കാരി ആദ്യം വിവാഹം ചെയ്തത്. ഇത് വിവാഹ മോചനത്തിൽ അവസാനിച്ചു. പിന്നീട് സെെദാൻവാലിയിൽ നിന്നുള്ള തൗഫീഖ് എന്ന യുവാവിനെ വിവാഹം കഴിച്ചു.എന്നാൽ 2011ൽ ഒരു അപകടത്തിൽ ഇയാൾക്ക് അംഗവെെകല്യം സംഭവിച്ചതോടെയാണ് യുവതി വിദ്യാർത്ഥിയുമായി ബന്ധത്തിലാകുന്നത്. പ്ലസ് ടു വിദ്യാർത്ഥിയാണെങ്കിലും യുവതി വിവാഹം ചെയ്ത വിദ്യാർത്ഥിക്ക് 18 വയസുണ്ടെന്നാണ് വിവരം. മകന്റെ തീരുമാനം പിന്തുണയ്ക്കുന്നുവെന്നാണ് വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞത്.