ബംഗളൂരു: കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് നിർമ്മിക്കുന്ന മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടി തമന്ന ഭാട്ടിയയെ നിയമിച്ച് കർണാടക സർക്കാർ. ബുധനാഴ്ച പുറത്തിറക്കിയ സംസ്ഥാന സർക്കാരിന്റെ ഉത്തരവിലാണ് തമന്നയെ രണ്ട് വർഷത്തേക്ക് ബ്രാൻഡ് അംബാസഡറായി നിയമിച്ചിരിക്കുന്നത്. 6.2 കോടി രൂപയ്ക്കാണ് തമന്നയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചിരിക്കുന്നത്.
എന്നാൽ നടിയുടെ നിയമനത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നു. അഷിക രംഗനാഥിനെ പോലെയുള്ള യുവ കന്നഡ നടിമാർ ഇവിടെ ഉള്ളപ്പോഴാണോ വെറുതെ ബോളിവുഡിൽ നിന്നൊക്കെ ആളെ കൊണ്ടു വരുന്നതെന്ന് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ട് ഒരു യുവതി എക്സിൽ കുറിച്ചു.
എന്നാൽ സംസ്ഥാനത്തിന് പുറത്തുള്ള വിപണികളെ ലക്ഷ്യം വച്ചാണ് തമന്നയെ ബ്രാൻഡ് ചെയ്തിരിക്കുന്നതെന്ന് കർണാടകയുടെ വാണിജ്യ, വ്യവസായ മന്ത്രി എംബി പാട്ടീൽ വിശദീകരിച്ചു. കന്നഡ ചലച്ചിത്ര മേഖലയോട് കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന് എല്ലാവിധ ആദരവും ബഹുമാനവുമുണ്ട്, ചില കന്നഡ സിനിമകൾ ബോളിവുഡ് സിനിമകളെ കിടപിടിക്കുന്നതാണെന്നും പാട്ടീൽ പറഞ്ഞു.
വിവിധ മാർക്കറ്റിംഗ് വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം പൊതുമേഖലാ സ്ഥാപന ബോർഡിന്റെ സ്വതന്ത്ര തീരുമാനമാണിതെന്നും പാട്ടീൽ വ്യക്തമാക്കി. തമന്നയുടെ പാൻ ഇന്ത്യൻ താരപദവിയും വിപണനത്തിന് ഫലപ്രദമാകും. 2028ഓടെ കെഎസ്ഡിഎലിന്റെ വാർഷിക വരുമാനം 5,000 കോടി രൂപയിലെത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |