ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാനും ചൈനയ്ക്കും ഒന്നിക്കാൻ അവസരം നൽകിയെന്നും തന്റെ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ അവഗണിച്ചെന്നുമുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തെ പരിഹസിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.
രാഹുലിനെ 'ചൈനാ ഗുരു" എന്ന് പരിഹസിച്ചുകൊണ്ട് ജയശങ്കർ രാജ്യസഭയിൽ മറുപടി നൽകി. കോൺഗ്രസ് നേതാവ് ജയ്‌റാം രമേശിനെയും പരിഹസിച്ചു.
ചില ആളുകൾ ചൈനയെക്കുറിച്ച് വലിയ ജ്ഞാനം വാഗ്ദാനം ചെയ്യുന്നു. എനിക്ക് ചൈനയെക്കുറിച്ച് അത്ര അറിവില്ലെന്നാണ് അവരുടെ അവകാശവാദം. ചൈനയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചിട്ടുള്ള അംബാസഡറാണ് ഞാൻ. പക്ഷേ ഇവിടെ ചില 'ചൈനാ ഗുരുക്ക" ന്മാരുണ്ട്. എതിർവശത്തിരിക്കുന്ന മാന്യ അംഗം(ജയ്‌റാം രമേശ്) ചൈനയോട് വളരെയധികം സ്നേഹമുള്ളയാളാണ്. അദ്ദേഹമാണ് 'ചിൻന്ത്യ"എന്ന പദം സൃഷ്ടിച്ചത്-ട്രഷറി ബെഞ്ചുകളിൽ ചിരി പടർത്തി ജയശങ്കർ പറഞ്ഞു.
ചൈനയും പാകിസ്ഥാനും വളരെ അടുത്തെന്ന് 'ചൈന ഗുരു" പറയുന്നു. അത് സത്യമാണ്. പക്ഷേ അവർ എന്തിനാണ് അടുത്തത്. അത് നമ്മൾ പാക് അധീന കാശ്‌മീർ എന്ന ഭൂമി അവർക്കിടയിൽ വിട്ടുകൊടുത്തതുകൊണ്ടാണ്. പാകിസ്ഥാന് അനുകൂലമായ സിന്ധു നദീ കരാർ ഉണ്ടാക്കിയ അബദ്ധം മറക്കാൻ കോൺഗ്രസ് താത്‌പര്യപ്പെടുന്നു. ജവഹർലാൽ നെഹ്‌റുവിന്റെ തെറ്റുകൾ മോദി തിരുത്തിയെന്നും ജയശങ്കർ പറഞ്ഞു.
മദ്ധ്യസ്ഥതയ്ക്ക് ആരും വന്നിട്ടില്ല
ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ ശേഷം മദ്ധ്യസ്ഥതയുമായി ആരും ഇന്ത്യയെ സമീപിച്ചിട്ടില്ലെന്ന് ജയശങ്കർ ആവർത്തിച്ചു.
ഒരു മദ്ധ്യസ്ഥതയ്ക്കും തയ്യാറല്ലെന്നും ദ്വികക്ഷി ചർച്ചമാത്രമാണ് പോം വഴിയെന്നും വെടിനിറുത്തലിന് പാകിസ്ഥാൻ മിലിട്ടറി ഓപ്പറേഷൻസ് ഡിജി വഴി സമീപിക്കണമെന്നും ഇന്ത്യ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടില്ലെന്നും ജയശങ്കർ പറഞ്ഞു.
ട്രംപ് സത്യം പറയുമെന്ന്
പേടി: രാഹുൽ
ലോക്‌സഭയിൽ തന്റെ വെല്ലുവിളി ഏറ്റെടുത്ത് ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കള്ളം പറഞ്ഞെന്ന് പറയാൻ പ്രധാനമന്ത്രി ധൈര്യം കാണിച്ചില്ലെന്ന് രാഹുൽ ഗാന്ധി. എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. അവർക്കത് പറയാൻ കഴിയുന്നില്ല. പ്രധാനമന്ത്രി എന്തെങ്കിലും പറഞ്ഞാൽ, ട്രംപ് ചിലതൊക്കെ തുറന്നുപറയും. അങ്ങനെ സത്യം മുഴുവൻ പുറത്തുവരും. അതുകൊണ്ടാണ് അത് പറയാത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |