ജാമ്യമില്ലെന്നറിഞ്ഞ് ജയിലിന് പുറത്ത് ബജ്റംഗ്ദൾ പ്രവർത്തകരുടെ ആഘോഷം
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരമില്ലെന്നറിയിച്ച സെൻഷൻസ് കോടതി ബിലാസ്‌പുരിലെ എൻ.ഐ.എ കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു. ജാമ്യമില്ലെന്നറിഞ്ഞതോടെ കോടതിക്ക് പുറത്ത് ബജ്റംഗ്ദൾ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. കന്യാസ്‌ത്രീകൾ അറസ്റ്റിലായ സമയത്ത് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിച്ച ജ്യോതി ശർമയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ ബജ്റംഗ്ദൾ പ്രവർത്തകർ കോടതിക്ക് മുന്നിൽ തടിച്ചുകൂടിയിരുന്നു.
ദുർഗിലെ ജയിലിൽ റിമാൻഡിൽ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച മജിസ്ട്രേട്ട് കോടതിയും തള്ളിയിരുന്നു. കേസിൽ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ അധികാരപരിധിയിലല്ലെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്. തുടർന്നാണ് സെഷൻസ് കോടതിയെ സമീപിച്ചത്.
സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് സന്യാസസഭയിലെ അംഗങ്ങളായ സിസ്റ്റർ വന്ദനയും സിസ്റ്റർ പ്രീതിയും കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് അറസ്റ്റിലായത്.
ഇടത് നേതാക്കൾ സന്ദർശിച്ചു
ഇടത് നേതാക്കൾ ഇന്നലെ രാവിലെ ദുർഗ് ജില്ലാ ജയിലിലെത്തി കന്യാസ്ത്രീകളെ സന്ദർശിച്ചു. സി.പി.എം നേതാവ് വൃന്ദ കാരാട്ട്, സി.പി.ഐ നേതാവ് ആനി രാജ, എം.പിമാരായ ജോസ് കെ. മാണി, പി.പി സുനീർ, എ.എ. റഹീം, കെ. രാധാകൃഷ്ണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കന്യാസ്ത്രീകൾ നിരപരാധികളാണെന്നും എഫ്.ഐ.ആർ പിൻവലിക്കണമെന്നും വൃന്ദ പറഞ്ഞു. എഫ്.ഐ.ആർ റദ്ദാക്കി സർക്കാർ മാപ്പുപറയണമെന്ന് ജോസ് കെ. മാണി എം.പി ആവശ്യപ്പെട്ടു. ചൊവ്വാഴ്ച സമയം കഴിഞ്ഞെന്ന് പറഞ്ഞ് ഇടത് സംഘത്തിന് സന്ദർശനാനുമതി നിഷേധിച്ചിരുന്നു. യു.ഡി.എഫ് എം.പിമാരും ബി.ജെ.പി പ്രതിനിധി അനൂപ് ആന്റണിയും ചൊവ്വാഴ്ച കന്യാസ്ത്രീകളെ സന്ദർശിച്ചിരുന്നു.
സി.ബി.സി.ഐ സംഘം ഛത്തീസ്ഗഡിൽ
കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) സംഘം റായ്‌പുരിലെത്തി. സി.ബി.സി.ഐ കന്യാസ്ത്രീകൾക്ക് വേണ്ടി ഇടപെടുന്നില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ വിമർശിച്ചിരുന്നു. ജോർജ്ജ് കുര്യന്റെ വിമർശനം തള്ളിയ സി.ബി.സി.ഐ കന്യാസ്ത്രീകൾക്ക് എല്ലാസഹായവും നൽകുമെന്ന് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |