ന്യൂഡൽഹി: പഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയ മൂന്ന് ഭീകരരെ രാജ്യം ആഗ്രഹിച്ചതുപോലെ തലയ്‌ക്കു വെടിവച്ചാണ് കൊന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യസഭയിൽ ഓപ്പറേഷൻ സിന്ദൂർ ചർച്ചയ്‌ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ലോക്‌സഭയിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ മറുപടി നൽകാനെത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
പഹൽഗാം ഭീകരരയെ വധിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ലോക്‌സഭയിൽ നടത്തിയ വെളിപ്പെടുത്തലുകൾ അമിത് ഷാ രാജ്യസഭയിലും ആവർത്തിച്ചു. കോൺഗ്രസിനെ ആക്രമിച്ചും പരിഹസിച്ചുമായിരുന്നു പ്രസംഗം. രാജ്യമെമ്പാടു നിന്ന് പ്രത്യേകിച്ച് പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളിൽ നിന്ന് ഭീകരരെ തലയ്ക്ക് വെടിവച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് നിരവധി സന്ദേശങ്ങൾ ലഭിച്ചിരുന്നെന്നും അങ്ങനെ കൊന്നെന്നും ഷാ പറഞ്ഞു.
ഭീകരരെക്കുറിച്ച് മേയ് 22ന് ഇന്റലിജൻസ് വിവരം ലഭിച്ചു. തുടർന്ന്, ഐ.ബിയും സൈനിക ഇന്റലിജൻസും കൂടുതൽ അന്വേഷണം നടത്തി. ജൂലായ് 22 ഓടെ, കൃത്യ സ്ഥാനം തിരിച്ചറിഞ്ഞ് മൂന്ന് ഭീകരരെയും വധിച്ചു. ജമ്മു കാശ്മീർ ഭീകരവാദത്തിൽ നിന്ന് മുക്തമാകുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഇതാണ് മോദി സർക്കാരിന്റെ ദൃഢനിശ്ചയം. എന്നാൽ ഭീകരരെ എന്തിനാണ് ഇപ്പോൾ കൊന്നതെന്നാണ് കോൺഗ്രസിന്റെ ചോദ്യം. കൊന്ന സമയത്തിന് എന്താണ് കുഴപ്പം. രാഹുൽ ഗാന്ധിയുടെ ലോക്‌സഭയിലെ പ്രസംഗത്തിന് പ്രാധാന്യം കിട്ടില്ലെന്ന് കരുതിയാണോ എന്നും ഷാ ചോദിച്ചു. ദേശീയ സുരക്ഷയേക്കാൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനാണ് കോൺഗ്രസ് മുൻഗണന നൽകുന്നത്. ഭീകരത അവസാനിപ്പിച്ച് സുരക്ഷ ഉറപ്പാക്കൽ അവർക്ക് മുൻഗണനയല്ല. വോട്ട് ബാങ്ക്, പ്രീണന രാഷ്ട്രീയത്തിനാണ് പ്രാധാന്യം.
പ്രധാനമന്ത്രി സഭയെ
അപമാനിച്ചു: ഖാർഗെ
പാർലമെന്റ് പരിസരത്തുണ്ടായിട്ടും പ്രധാനമന്ത്രി രാജ്യസഭയിലെ ചർച്ചയിൽ പങ്കെടുക്കാതിരുന്നത് സഭയെ അപമാനിക്കലാണെന്ന് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. പ്രതിപക്ഷം തന്നെയാണ് നേരിടേണ്ടതെന്ന് അമിത് ഷാ പറഞ്ഞപ്പോളായിരുന്നു പ്രതികരണം. തുടർന്ന് അമിത് ഷായുടെ പ്രസംഗം കേൾക്കാതെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |