ന്യൂഡൽഹി: പുതിയ ട്രെയിനുകൾ ഓടിക്കാൻ സാധിക്കുംവിധം കേരളത്തിലെ റെയിൽവേ ശൃംഖല വിപുലപ്പെടുത്താനുള്ള നടപടികൾ തുടങ്ങിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ലോക്‌സഭയിൽ പറഞ്ഞു. പദ്ധതികളുടെ വിശദാംശങ്ങൾ അദ്ദേഹം സഭയിൽ വിവരിച്ചു. കോൺഗ്രസ് കേരളത്തിൽ എന്ത് പ്രവർത്തനമാണ് നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.
പുതിയ ട്രെയിനുകൾ ആരംഭിക്കുന്നതിന് അടിസ്ഥാനപരമായി ട്രാക്കുകളുടെ ശേഷി വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇത് മുന്നിൽക്കണ്ടാണ് മോദി സർക്കാർ കേരളത്തിൽ ആറ് വികസന പദ്ധതികൾ നടപ്പാക്കുന്നത്. ഷൊർണൂർ-മംഗലാപുരം റൂട്ടിൽ മൂന്ന്, നാല് പാത, ഷൊർണൂർ-എറണാകുളം റൂട്ടിൽ മൂന്നാം പാത, ഷൊർണൂർ-കോയമ്പത്തൂർ റൂട്ടിൽ മൂന്ന്, നാല് പാത, എറണാകുളം-കായംകുളം മൂന്നാംപാത, കായംകുളം-തിരുവനന്തപുരം റൂട്ടിൽ മൂന്നാം പാത, തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ മൂന്നാം പാത എന്നിവയുടെ ഡി.പി.ആർ തയ്യാറാക്കൽ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
ക്യാൻസർ ചികിത്സയ്‌ക്കെത്തുന്നവരുടെ സൗകര്യാർത്ഥം നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്‌സ്‌പ്രസ് തിരുവനന്തപുരം സെൻട്രലിലേക്ക് നീട്ടണമെന്നും ഷൊർണൂർ റൂട്ടിൽ ടൂറിസം വർദ്ധിപ്പിക്കണമെന്നുമുള്ള മുസ്ളീംലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീറിന്റെ ആവശ്യത്തിന് മറുപടിയായാണ് റെയിൽവേ മന്ത്രിയുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |