ന്യൂഡൽഹി : ഇംപീച്ച്മെന്റ് ഭീഷണി നേരിടുന്ന അലഹബാദ് ഹൈക്കോടതി സിറ്റിംഗ് ജഡ്‌ജി യശ്വന്ത് വർമ്മയുടെ ഹർജിയിൽ ഇടപെടില്ലെന്ന് വ്യക്തമായ സൂചന നൽകി സുപ്രീംകോടതി. പാർലമെന്റിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും അഗസ്റ്റിൻ ജോർജ് മസീഹും അടങ്ങിയ പ്രത്യേക ബെഞ്ച് നിരീക്ഷിച്ചു. യശ്വന്ത് വർമ്മ ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരിക്കെ, ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയിരുന്നു. ജഡ്‌ജിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒറ്രക്കെട്ടായി ലോക്‌സഭയിൽ ഇംപീച്ച്മെന്റ് നോട്ടീസ് നൽകി. ആരോപണങ്ങൾ അന്വേഷിക്കാൻ ജഡ്‌ജസ് ഇൻക്വയറി ആക്‌ട് പ്രകാരമുള്ള മൂന്നംഗസമിതി ലോക്‌സഭാ സ്‌പീക്കർ രൂപീകരിക്കുമെന്ന സൂചനകൾക്കിടെയാണ് വിവാദ ജഡ്‌ജിയുടെ ഹർജി സുപ്രീംകോടതി ഇന്നലെ പരിഗണിച്ചത്. വസതിയിൽ നിന്ന് കണ്ടെത്തിയത് ജഡ്‌ജിയുടെ പണമാണോയെന്ന് പാർലമെന്റ് തീരുമാനിക്കട്ടെ. തങ്ങൾ എന്തിന് ഇടപെടണമെന്ന് കോടതി ചോദിച്ചു. വാദമുഖങ്ങൾ പൂർത്തിയായതിനെ തുടർന്ന് ഹർജി വിധി പറയാൻ മാറ്റി.
വിശ്വാസത്തിലെടുക്കാതെ കോടതി
ജ. വർമ്മയുടെ വാദമുഖങ്ങൾ വിശ്വാസത്തിലെടുക്കാൻ കോടതി തയ്യാറായില്ല. ജഡ്‌ജി കുറ്റക്കാരനാണെന്ന് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗസമിതി കണ്ടെത്തിയിരുന്നു. സമിതി രൂപീകരണം ഭരണഘടനാ വിരുദ്ധമായ നടപടിയെന്നാണ് വാദമെങ്കിൽ എന്തുകൊണ്ട് ആ സമയത്ത് സുപ്രീംകോടതിയെ സമീപിച്ചില്ല? റിപ്പോർട്ട് എതിരായപ്പോൾ മാത്രമാണ് അത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇംപീച്ച്മെന്റിന് ശുപാർശ ചെയ്‌ത് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നടപടി ശരിയായിരുന്നുവെന്ന് ഇന്നലെയും കോടതി ആവർത്തിച്ചു. ചീഫ് ജസ്റ്റിസ് പദവിയെന്നത് പോസ്റ്റ് ഓഫീസല്ല. ജുഡിഷ്യറിയുടെ തലവൻ എന്ന നിലയിൽ അദ്ദേഹത്തിന് രാജ്യത്തോട് ഉത്തവാദിത്വങ്ങളുണ്ട്. അതാണ് നിർവഹിച്ചതെന്നും നിരീക്ഷിച്ചു.
ദൃശ്യങ്ങൾ പുറത്തുവിടേണ്ടിയിരുന്നില്ല
അതേസമയം, നോട്ടുകൂമ്പാരം കത്തുന്നത് അടക്കം ദൃശ്യങ്ങൾ സുപ്രീംകോടതി വെബ്സൈറ്റിലൂടെ പുറത്തുവിടേണ്ടിയിരുന്നില്ലെന്ന നിലപാട് കോടതി സ്വീകരിച്ചു. അന്വേഷണം നടക്കുന്ന സമയത്ത് പുറത്തുവിട്ടത് ഉചിതമായ നടപടിയായില്ല. അക്കാര്യത്തിൽ ജഡ്‌ജിയുടെ വാദത്തിനൊപ്പമാണെന്നും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |