തീ പടർന്ന വിമാനത്തിന് പകരം എയർ ഇന്ത്യ ഒരുക്കിയ ബദൽ സംവിധാനത്തിലും വീഴ്ച; യാത്രക്കാരുടെ പ്രതിഷേധം

Sunday 19 May 2024 11:25 AM IST

ബംഗളൂരു: എൻജിനിൽ തീ പടർന്നതിനെ തുടർന്ന് ബംഗളൂരു വിമാനത്താവളത്തിൽ തിരിച്ചിറങ്ങിയ വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് പോകാൻ ഒരുക്കിയ സംവിധാനത്തിലും അപര്യാപ്തത. 9.20നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിൽ 179 യാത്രക്കാരിൽ 120 പേർക്കാണ് മറ്റൊരു വിമാനത്തിന് ബോർഡിംഗ് പാസ് നൽകിയത്.

മറ്റുള്ളവരെ അടുത്ത വിമാനത്തിൽ കയറ്റിവിടാമെന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസ് പറഞ്ഞത്. എന്നാൽ അങ്ങനെ വന്നാൽ കുടുംബത്തോടെ യാത്ര ചെയ്യുന്നവരിൽ പലരും രണ്ട് വിമാനങ്ങളിലായി യാത്ര ചെയ്യേണ്ടി വരുമെന്ന് പറഞ്ഞ് യാത്രക്കാർ പ്രതിഷേധിച്ചു. 9.30നുള്ള വിമാനത്തിന് 120 പേർക്ക് ബോർഡിംഗ് പാസ് നൽകിയിരുന്നെങ്കിലും യാത്രക്കാർ വിമാനത്തിൽ കയറാൻ തയ്യാറായില്ല. എല്ലാവർക്കും ഒരുമിച്ച് യാത്ര ചെയ്യാൻ സൗകര്യം ഒരുക്കണമെന്നായിരുന്നു യാത്രക്കാരുടെ ആവശ്യം.

തീപിടിത്തത്തെ തുടർന്ന് വിമാനം ബംഗളൂരുവിൽ ഇറക്കിയ ശേഷം ബദൽ സംവിധാനങ്ങൾ ആദ്യം ഒരുക്കിയിരുന്നില്ല. ഇതിനെതിരെയും യാത്രക്കാർ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ബദൽ സംവിധാനം ഒരുക്കിയത്. അതിലും പ്രശ്നങ്ങൾ ഒതുങ്ങിയില്ല. നിസാര പരിക്കുള്ള യാത്രക്കാരടക്കം രാത്രി മുഴുവൻ വിമാനത്താവളത്തിൽ ചെലവഴിച്ചു. ചില യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയെങ്കിലും ചിലർക്ക് സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് ആക്ഷേപവും ഉയർന്നു.

എൻജിനിൽ തീ പടർന്നത് കണ്ടെത്തിയതിനെ തുടർന്ന് ബംഗളൂരു - കൊച്ചി വിമാനം രാത്രി 11.12 നാണ് ബംഗളൂരു വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. പറന്നുയർന്നതിന് പിന്നാലെ എൻജിനിൽ തീ കത്തുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. 179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.