പൈലറ്റ് ഗതാഗതക്കുരുക്കിൽപ്പെട്ടു; അജിത് പവാറിന്റെ വിമാനം പറത്താൻ ക്യാപ്‌ടൻ സുമിത് കപൂർ എത്തിയത് അവസാന നിമിഷം

Friday 30 January 2026 10:08 AM IST

മുംബയ്: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനം പറത്തിയിരുന്നത് വിഎസ്‌ആർ ഏവിയേഷനിലെ പൈലറ്റുമാരായ ക്യാപ്‌ടൻ സുമിത് കപൂർ, ക്യാപ്‌ടൻ ശാംഭവി പതക് എന്നിവരായിരുന്നു. ഇപ്പോഴിതാ വിമാനം പറത്താൻ കമ്പനി നിശ്ചയിച്ചിരുന്നത് മറ്റൊരു പൈലറ്റിനെയായിരുന്നുവെന്നും അവസാന നിമിഷം ക്യാപ്‌ടൻ സുമിത് ചുമതലയേൽക്കുകയായിരുന്നുവെന്നുമാണ് വിവരം.

വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റ് നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് എത്താൻ വൈകിയതോടെയാണ് സുമിത് നിയോഗിക്കപ്പെട്ടതെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. ഡൽഹി സ്വദേശിയാണ് കപൂർ. 16,000 മണിക്കൂർ പറക്കൽ അനുഭവസമ്പത്തുണ്ട്. സഹാറ, ജെറ്റ് എയർവേയ്‌സ് എന്നീ കമ്പനികളിൽ പ്രവർത്തിച്ചിട്ടുണ്ട്. കപൂറിന്റെ മകനും മരുമകനും പൈലറ്റുമാരാണ്. കുറച്ചുദിവസങ്ങൾക്കുമുൻപാണ് അദ്ദേഹം ഹോങ്കോംഗിൽ നിന്ന് മടങ്ങിവന്നത്.

പവാറിനെയും വഹിച്ചുകൊണ്ട് പറന്ന വിമാനത്തിന്റെ പ്രധാന പൈലറ്റ് അഥവാ ഫസ്റ്റ് ഓഫീസർ ക്യാപ്‌ടൻ ശാംഭവി ആയിരുന്നു. ശാംഭവിക്ക് 1500 പറക്കൽ മണിക്കൂറാണ് അനുഭവസമ്പത്തുള്ളത്. ഡൽഹി സ്വദേശിനിയായ ശാംഭവി സൈനിക ഉദ്യോഗസ്ഥന്റെ മകളാണ്. ഡൽഹിയിലെ എയർഫോഴ്‌സ് ബൽ ഭാരതി സ്‌കൂളിൽ നിന്ന് 2018ൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ന്യൂസിലൻഡ് ഇന്റർനാഷണൽ കൊമേഴ്‌സ്യൽ പൈലറ്റ് അക്കാദമിയിൽ കൊമേഴ്‌സ്യൽ പൈലറ്റ്- ഫ്ലൈറ്റ് ക്രൂ പരിശീലനം നേടി. മുംബയ് സർവകലാശാലയിൽ നിന്ന് എയറോനോട്ടിക്‌സ്, ഏവിയേഷൻ, എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയിൽ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.