കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മുന്നറിയിപ്പ് നൽകി മുതിർന്ന ബിജെപി നേതാവ് സുവേന്ദു അധികാരി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹം മമതയ്ക്ക് മുന്നറിയിപ്പ് നൽകിയത്. നീണ്ട 27 വർഷത്തിനുശേഷമാണ് ബിജെപി ഡൽഹിയിൽ വീണ്ടും അധികാരത്തിൽ വരാൻ പോകുന്നത്.
ഡൽഹിയിൽ നമ്മൾ ജയിച്ചു. അടുത്ത ലക്ഷ്യം ബംഗാളാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ പറഞ്ഞു. 'ബംഗാളികൾ കൂടുതലായുളള ഡൽഹിയിലെ പല സ്ഥലങ്ങളിലും ഞാൻ പ്രചാരണത്തിനായി പോയിരുന്നു. അവിടെയെല്ലാം ബിജെപി വിജയിച്ചു. അവിടെയുളള അടിസ്ഥാന സൗകര്യങ്ങൾ മോശം അവസ്ഥയിലാണ്. ആംആദ്മി ഡൽഹിയെ തകർത്തു. അതുകൊണ്ട് തന്നെ ഡൽഹിയിലെ അങ്ങനെയുളള പ്രദേശങ്ങളിൽ ബിജെപി വിജയസാദ്ധ്യത കണ്ടിരുന്നു'- അദ്ദേഹം പറഞ്ഞു.
അതേസമയം, ബംഗാളിലെ ബിജെപി അദ്ധ്യക്ഷനും എംപിയുമായ സുകാന്ത മജുംദാറും സമാനമായ മുന്നറിയിപ്പ് നൽകി. അടുത്ത തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത വർഷം മാർച്ച്- ഏപ്രിൽ മാസങ്ങളിലായിരിക്കും പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. മമത നയിക്കുന്ന തൃണമൂൽ കോൺഗ്രസിനെ പിഴുതെറിയാൻ വളരെക്കാലമായി ബിജെപി ശ്രമിക്കുകയാണെന്നും സുകാന്ത മജുംദാർ പറഞ്ഞു.
ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിൽ 48 ഇടത്തും ബിജെപിയാണ് വിജയിച്ചത്. 2020ൽ ബിജെപിക്ക് കിട്ടിയത് എട്ട് സീറ്റുകൾ മാത്രമായിരുന്നു. അന്ന് 62 സീറ്റ് നേടിയ ആപ്പിനെ ബിജെപി ഇത്തവണ 22 സീറ്റിൽ തളച്ചു. അതേസമയം, ഒരു കാലത്ത് തലസ്ഥാനം അടക്കിവാണിരുന്ന കോൺഗ്രസിന് ഇത്തവണയും ഒരു സീറ്റിൽ പോലും വിജയിക്കാൻ സാധിച്ചില്ല.വിജയത്തിനുശേഷം, മന്ത്രിസഭാരൂപീകരണ നീക്കങ്ങളും ബിജെപി ഊർജ്ജിതമാക്കിയിട്ടുണ്ട്. കേജ്രിവാളിനെ മലർത്തിയടിച്ച പർവേഷ് സാഹിബ് സിംഗ് വെർമയെ മുഖ്യമന്ത്രിയാക്കാനാണ് സാദ്ധ്യത. കപിൽ മിശ്ര, മൻജീന്ദർ സിംഗ് സിർസ, സതീഷ് ഉപാദ്ധ്യായ എന്നിവരും പരിഗണനയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |