അബുദാബി: ഈദുൽ ഫിത്തറിനോടനുബന്ധിച്ച് പ്രവാസികൾ അടക്കമുള്ള യുഎഇ നിവാസികൾക്ക് സന്തോഷവാർത്ത. ഈദ് ആഘോഷിക്കാൻ യുഎഇ നിവാസികൾക്ക് അഞ്ച് ദിവസം വരെ അവധിയാണ് ലഭിക്കുക. 2025ലെ ആദ്യ നീണ്ട അവധിയാണിത്. ഈദ് തീയതിയുടെ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച് അഞ്ച് ദിവസത്തെ അവധിക്കുള്ള സാദ്ധ്യതയാണുള്ളതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഇസ്ലാമിക കലണ്ടർ അനുസരിച്ച് ശവ്വാൽ മാസത്തിന്റെ ഒന്നാം തീയതിയാണ് ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. വ്രതാനുഷ്ഠാനത്തിന്റെ അവസാനത്തെയാണ് ഈ ദിവസം അടയാളപ്പെടുത്തുന്നത്. പിറ കാണുന്നതിന് അനുസരിച്ച് ഇസ്ലാമിക ഹിജ്‌റ മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസമാണ് നീണ്ടുനിൽക്കുന്നത്.
യുഎഇയിലെ മൂൺ സൈറ്റിംഗ് കമ്മിറ്റി റംസാൻ 29ന് (മാർച്ച് 29 ശനി) യോഗം ചേരും. പിറ കണ്ടാൽ വിശുദ്ധ മാസം 29 ദിവസത്തിൽ അവസാനിക്കും. അങ്ങനെയെങ്കിൽ മാർച്ച് 30 ഞായറാഴ്ച മുതൽ ഏപ്രിൽ ഒന്ന് ചൊവ്വാഴ്ച വരെയായിരിക്കും ഈദ് അവധി. അവധിക്ക് മുമ്പുള്ള ശനിയാഴ്ച കൂടി ചേർത്താൽ നാല് ദിവസത്തെ അവധി ലഭിക്കും.
മാർച്ച് 29ന് പിറ കണ്ടില്ലെങ്കിൽ റംസാൻ മാസം 30 ദിവസം നീണ്ടുനിൽക്കും. ഈ വർഷം, ഈദിന് മൂന്ന് ദിവസങ്ങൾക്ക് പുറമേ റംസാൻ 30നും യുഎഇയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 30 ഞായറാഴ്ച മുതൽ ഏപ്രിൽ രണ്ട് ബുധനാഴ്ച വരെയായിരിക്കും അവധി ലഭിക്കുക. അവധിക്ക് മുമ്പുള്ള ശനിയാഴ്ച കൂടി ചേർക്കുമ്പോൾ അഞ്ച് ദിവസത്തെ അവധി ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |