പാർട്ടി  ഓഫീസിൽ യുവതിക്ക്  ആലിംഗനം, ബിജെപി   നേതാവിന്റെ  വീഡിയോ പുറത്ത്; പിന്നാലെ വിവാദം

Monday 26 May 2025 9:56 AM IST

ലക്‌നൗ: പാർട്ടി ഓഫീസിൽ യുവതിയുമൊത്തുള്ള ബിജെപി നേതാവിന്റെ വീഡിയോ പുറത്തുവന്നതോടെ വിവാദം. ഉത്തർപ്രദേശിലെ ഗോണ്ടയിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലാണ് സംഭവം നടന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് അമർ കിഷോർ കശ്യപ് ഒരു യുവതിയെ പാർട്ടി ഓഫീസിൽ വച്ച് ആലിംഗനം ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്. പിന്നാലെ സംഭവത്തിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് പാർട്ടി പ്രവർത്തകൻ പരാതി നൽകി. ഈ പരാതിയിൽ പാർട്ടി അമറിന് നോട്ടീസ് അയച്ചു.

വീഡിയോ പാർട്ടിക്ക് അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതിൽ ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനും പാർട്ടി ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോ പാർട്ടിയുടെ പ്രശസ്തിയെ പ്രതികൂലമായി ബാധിച്ചെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദ് നാരായൺ ശുക്ല നൽകിയ നോട്ടീസിൽ പറയുന്നു. ഏഴ് ദിവസത്തിനുള്ളിൽ ബിജെപി സംസ്ഥാന ഓഫീസിൽ രേഖാമൂലം വിശദീകരണം സമർപ്പിക്കാനാണ് അമർ കിഷോർ കശ്യപിനോട് ആവശ്യപ്പെട്ടത്.

നിശ്ചിത സമയത്തിനുള്ളിൽ തൃപ്തികരമായ വിശദീകരണം നൽകിയില്ലെങ്കിൽ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നേതൃത്വം അറിയിച്ചു. ഏപ്രിൽ 12നാണ് വീഡിയോ റെക്കാർഡ് ചെയ്തതെന്നാണ് റിപ്പോർട്ട്. തനിക്ക് സുഖമില്ലെന്നും വിശ്രമിക്കാൻ ഒരു സ്ഥലം വേണമെന്നും പറഞ്ഞാണ് യുവതി തന്നെ വിളിച്ചതെന്നാണ് അമർ കിഷോർ കശ്യപ് പറഞ്ഞത്.

'ആ യുവതി നമ്മുടെ പാർട്ടിയിലെ സജീവ അംഗമാണ്. അവർ എന്നെ വിളിച്ച് തനിക്ക് സുഖമില്ലെന്നും കുറച്ച് നേരം വിശ്രമിക്കാൻ സ്ഥലം വേണമെന്നും ആവശ്യപ്പെട്ടതനുസരിച്ച് അവരെ ഓഫീസിൽ കൂട്ടിക്കൊണ്ടുവന്നു. പടികൾ കയറുമ്പോൾ യുവതിക്ക് തലകറക്കം അനുഭവപ്പെടുകയും ഞാൻ സഹായിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുകയാണ്',- എന്നാണ് കശ്യപ് പറഞ്ഞത്.

പാർട്ടി ഓഫീസിലേക്ക് യുവതി കാറിൽ വന്ന് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. യുവതി പാർട്ടി ഓഫീസിലെ പടികൾ കയറിവരുന്നതും കശ്യപ് പിറകെ വന്ന് അവരുടെ തോളിൽ കെെ ഇടുന്നതും ആലിംഗനം ചെയ്യുന്നതും വീഡിയോയിൽ കാണാം. പാർട്ടി പ്രവർത്തകയെ സഹായിക്കുന്നില്ലെങ്കിൽ പിന്നെ ആരെയാണ് സഹായിക്കേണ്ടതെന്നും അത് കുറ്റകൃത്യമാണെങ്കിൽ ഒന്നും പറയാൻ ഇല്ലെന്നും കശ്യപ് കൂട്ടിച്ചേർത്തു.