സിബിഎസ്ഇ പ്ലസ്‌ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.2, തിരുവനന്തപുരം മേഖല ഒന്നാമത്
തിരുവനന്തപുരം: സിബിഎസ്‌ഇ പ്ലസ്‌ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇക്കുറി 85.2 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തെക്കാൾ 3.19 ശതമാനം കുറവാണിത്. 95.62 വിജയശതമാനം നേടി തിരുവനന്തപുരമാണ് മേഖലയിൽ ഒന്നാം സ്ഥാനം നേടിയത്. ചെന്നൈ, ബംഗളൂരു എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, results.cbse.in എന്നിവ വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. ഡിജിലോക്കർ, ഉമാംഗ് ആപ്പ് എന്നിവ വഴിയും ഫലങ്ങൾ ലഭ്യമാണ്.
18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 10.2 ലക്ഷം ആൺകുട്ടികളും 8.3 ലക്ഷം പെൺകുട്ടികളും ഉൾപ്പെടുന്നു. ആൺകുട്ടികളെക്കാൾ 6.73 ശതമാനം അധികം വിജയമാണ് പെൺകുട്ടികൾ നേടിയത്. പ്രയാഗ്‌രാജ് മേഖലയിലാണ് ഏറ്റവും കുറവ് വിജയശതമാനം (72.43%) രേഖപ്പെടുത്തിയത്. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയായിരുന്നു പരീക്ഷകൾ നടന്നത്.