രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; കേരളത്തിൽ 1400 രോഗികൾ

Monday 02 June 2025 10:17 AM IST

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്ക. ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 3758 ആയി ഉയർന്നു. ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് കേന്ദ്ര കുടുംബാരോഗ്യ മന്ത്രാലയം അറിയിച്ചു.

കേരളത്തിൽ നിലവിൽ 1400 കൊവിഡ് രോഗികളാണുള്ളത്, 506 കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1360 പുതിയ കൊവിഡ് കേസുകളാണ് റിപ്പോ‌ർട്ട് ചെയ്യപ്പെട്ടത്. 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കേരളത്തിലും കർണാടകയിലുമാണ് കൊവിഡ് മരണങ്ങളുണ്ടായത്. 24 വയസുള്ള യുവതിയാണ് കൊവിഡ് ബാധയേറ്റ് കേരളത്തിൽ മരണപ്പെട്ടത്. ഇവർക്ക് കരൾ രോഗവും ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടായിരുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കർണാടകയിൽ 63 വയസുള്ളയാളാണ് കൊവിഡ് മൂലം മരണപ്പെട്ടത്. ഇയാൾക്ക് ടിബിയും മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായും ആരോഗ്യമന്ത്രാലയും അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 64 പുതിയ കൊവിഡ് കേസുകളും മഹാരാഷ്ട്രയിൽ 18ഉം, ഡൽഹിയിൽ 61ഉം റിപ്പോ‌ർട്ട് ചെയ്യപ്പെട്ടു. കേരളത്തിൽ അഞ്ചുമാസത്തിനിടെ കൊവിഡ് ബാധിച്ച് ആറുപേരാണ് മരിച്ചത്.

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്‌ത ഒമിക്രോൺ ജെ എൻ വകഭേദമായ എൽ എഫ് 7ആണ് കേരളത്തിലും ഇപ്പോൾ പടരുന്നത്. നിലവിൽ എൽ എഫ് 7 ഉപവകഭേദത്തെ ലോകാരോഗ്യ സംഘടന അപകടകാരിയായി പ്രഖ്യാപിച്ചിട്ടില്ല.