ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിന് പിന്നാലെ അമേരിക്കയിലെ പ്രമുഖ റീട്ടെയിലർമാർ ഇന്ത്യയിൽ നിന്നുള്ള ഓർഡറുകൾ നിറുത്തിയതായി റിപ്പോർട്ട്. വാൾമാർട്ട്, ആമസോൺ, ടാർഗെറ്റ്, ഗ്യാപ്പ് തുടങ്ങിയ പ്രമുഖരാണ് ഓർഡറുകൾ നൽകുന്നത് താൽക്കാലികമായി നിറുത്തിവച്ചത്. കയറ്റുമതിക്കാർക്ക് ഇതുസംബന്ധിച്ച് ഇ- മെയിലുകൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധിക ഇറക്കുമതിത്തീരുവയുടെ ഭാരം തങ്ങൾക്ക് താങ്ങാനാവില്ലെന്നും കയറ്റുമതിക്കാർ തന്നെ അത് ഏറ്റെടുക്കണമെന്നും അമേരിക്കൻ റീട്ടെയിലർമാർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഉയർന്ന താരിഫ് നൽകി ഇന്ത്യയിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യണമെങ്കിൽ ചെലവ് ഇപ്പോഴുള്ളതിന്റെ മുപ്പതുശതമാനത്തോളം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയിലേക്കുള്ള ഓർഡറുകളിൽ നാൽപ്പതുമുതൽ അമ്പതുശതമാനംവരെ കുറവുണ്ടാകുമെന്നും ഇതിലൂടെ 4-5 ബില്യൺ ഡോളർ നഷ്ടം ഇന്ത്യയ്ക്കുണ്ടാവുമെന്നും കണക്കാക്കുന്നുണ്ട്.
ടെക്‌സ്റ്റൈയിൽസ്, ആഭരണങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ എന്നിവയാണ് ഇന്ത്യയിൽ നിന്ന് പ്രധാനമായും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യൻ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഏറ്റവും വലിയ കയറ്റുമതിലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് അമേരിക്ക. ഇന്ത്യയിൽ നിന്നുള്ള വസ്ത്ര കയറ്റുമതിയുടെ 28 ശതമാനവും അമേരിക്കയിലേക്കാണ്. കോടികളാണ് ഇതിലൂടെ ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യൻ ഓർഡറുകൾ സ്വീകരിക്കുന്നതിൽ നിന്ന് അമേരിക്കൻ കമ്പനികൾ വിട്ടുനിൽക്കുന്നത് ബംഗ്ലാദേശ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങൾക്ക് നേട്ടമാകും എന്നാണ് വിലയിരുത്തുന്നത്. രണ്ടുരാജ്യങ്ങൾക്കും ഇരുപതുശതമാനം മാത്രമാണ് ഇറക്കുമതിചുങ്കം.
അതേസമയം, ട്രംപിന്റെ അമ്പതുശതമാനം ഇറക്കുമതി തീരുവയ്ക്കു മുന്നിൽ മുട്ടുമടക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യം ബലികഴിക്കുന്ന ഒരു നടപടിക്കുമില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിയത്. ഈ സാഹചര്യം അവസരമാക്കി സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള ബദൽ നടപടികളിലേക്ക് കടക്കും. നയതന്ത്രതലത്തിലും നീക്കങ്ങൾ ഊർജ്ജിതമാക്കും.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിലാണ് യു.എസ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം കടുത്ത നടപടി പ്രഖ്യാപിച്ചത്.അസാധാരണ തീരുവ കാർഷിക മേഖലയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് മോദി നിലപാട് അറിയിച്ചത്. എം.എസ്.സ്വാമിനാഥൻ ശതാബ്ദി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. വ്യക്തിപരമായി വില കൊടുക്കേണ്ടിവരുമെന്ന് അറിയാമെങ്കിലും ഭീഷണിയെ നേരിടുമെന്നത് ഇന്ത്യയുടെ നിലപാടിന്റെ പ്രഖ്യാപനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |