ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ കേസെടുത്തതിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര. തന്റെ പരാമർശം ഭാഷാശൈലിയാണെന്നും വിഡ്ഢികൾക്ക് അത് മനസിലാകില്ലെന്നും മഹുവ പറഞ്ഞു.
അനധികൃത ബംഗ്ലാദേശി നുഴഞ്ഞുകയറ്റം തടയുന്നതിൽ പരാജയപ്പെട്ടതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ 'തല വെട്ടണം' (His head should be cut off and put on the table) എന്നാണ് മഹുവ പറഞ്ഞത്. എന്നാൽ, ഇതൊരു ഭാഷാശൈലി ആണെന്നും ആ സ്ഥാനത്തിരിക്കുന്ന വ്യക്തി അവിടെയിരിക്കാൻ യോഗ്യനല്ല, അയാളെ ഒഴിവാക്കണം എന്നുമാണ് ഇതിന്റെ അർത്ഥമെന്നും മഹുവ പറഞ്ഞു. എംപിയുടെ ഈ പ്രസ്‌താവന വലിയ വിവാദമായിരുന്നു.
ഇന്നലെയാണ് മഹുവ മൊയ്‌ത്രയ്‌ക്കെതിരെ ഛത്തീസ്ഗഢിലെ റായ്പുരിലെ മന പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിലും മൊയ്‌ത്രയ്‌ക്കെതിരെ ബിജെപി പരാതി നൽകിയിട്ടുണ്ട്.
ബംഗാളിലെ മമത ബാനർജി സർക്കാരിനെ വിമർശിച്ച അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് മഹുവയുടെ പരാമർശം. അതിർത്തി സുരക്ഷയ്ക്ക് ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവാദിയെന്നും നുഴഞ്ഞുകയറ്റത്തിന് തൃണമൂൽ സർക്കാരിനെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും മഹുവ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |