ചെന്നൈ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിനും ക്ഷണം. ജനുവരി 22 ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ താരത്തെ ക്ഷണിച്ചത് ബിജെപി നേതാവായ അർജുനമൂർത്തിയാണ്. രജനികാന്തിനോടൊപ്പമുളള ചിത്രങ്ങൾ അർജുനമൂർത്തി തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.
'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ഇന്ന്. ഞങ്ങളുടെ പ്രിയപ്പെട്ട നേതാവായ സൂപ്പർസ്റ്റാർ രജനികാന്തിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി ക്ഷണിച്ചു. ഒപ്പം കുറച്ച് ആർഎസ്എസ് നേതാക്കളും ഉണ്ടായിരുന്നു.' അദ്ദേഹം പോസ്റ്റിൽ കുറിച്ചു. അർജുനമൂർത്തി പങ്കുവച്ച ചിത്രങ്ങളിൽ രജനികാന്ത് ക്ഷേത്രത്തിന്റെ ഉദ്ഘാടന ക്ഷണപത്രം സ്വീകരിക്കുന്നതും ഉണ്ട്.
எனது வாழ்நாளில் கிடைத்த அரும்பாக்கியமாக இன்றைய நிகழ்வு அமைந்தது!
— Ra.Arjunamurthy | ரா.அர்ஜூனமூர்த்தி (@RaArjunamurthy) January 2, 2024
நம் அன்பு தலைவர் திரு. @rajinikanth அவர்களை அவரது இல்லத்தில் சென்று அயோத்தி, ராம ஜன்மபூமி தீர்த்த க்ஷேத்ரா சார்பில் அவரது குடும்பத்தினரையும் ஜனவரி 22 ம்தேதி அயோத்தி கும்பாபிஷேக நிகழ்வுக்கு வரவேண்டி ஆர்.எஸ்.எஸ்… pic.twitter.com/UcHakkRdLW
ജനുവരി 22ന് ഉച്ചയോടെയാണ് പ്രധാന വിഗ്രഹത്തിന്റെ പ്രതിഷ്ഠ നിർവ്വഹിക്കുന്നതെന്ന് ശ്രീരാമജൻമഭൂമി തീർത്ഥ ക്ഷേത്രട്രസ്റ്റ് അറിയിച്ചു. രജനികാന്തിനെ കൂടാതെ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങിനായി ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അനുപം ഖേർ, അക്ഷയ് കുമാർ, സംവിധായകരായ രാജ്കുമാർ ഹിരാനി, സഞ്ജയ് ലീല ബൻസാലി, രോഹിത്ത് ഷെട്ടി, നിർമാതാവായ മഹാവീർ ജെയ്ൻ തുടങ്ങിയവരെയും ക്ഷണിച്ചിട്ടുണ്ട്.
തെന്നിന്ത്യൻ താരങ്ങളായ മോഹൻലാൽ, ചിരജ്ഞീവി, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങിയവരെ ചടങ്ങിനായി മുൻപ് തന്നെ ക്ഷണിച്ചിരുന്നു. ചലച്ചിത്രമേഖലയിൽ നിന്നും നിരവധി പേരെ ചടങ്ങിനായി ക്ഷണിച്ചിട്ടുണ്ടെന്ന് ക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. നാലായിരത്തോളം സന്ന്യാസികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. പ്രതിഷ്ഠയോടനുബന്ധിച്ചുളള ചടങ്ങുകൾ ഈ മാസം 16 മുതൽ ആരംഭിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. വാരണാസിയിൽ നിന്നുളള പൂജാരിയായ ലക്ഷ്മികാന്ത് ദീക്ഷിത് ആണ് പ്രതിഷ്ഠാ കർമ്മം നിർവ്വഹിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |