പരിശോധനയ്ക്കിടയിൽ പടക്ക ഗോഡൗണിൽ പൊട്ടിത്തെറി; തഹസീൽദാർ അടക്കം മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Tuesday 08 August 2023 8:18 PM IST

ചെന്നൈ: തമിഴ്നാട്ടിലെ പടക്ക ഗോഡൗണിൽ പൊട്ടിത്തെറി. കൃഷ്ണഗിരി ജില്ലയിലുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ മാസം ജില്ലയിലെ തന്നെ മറ്റൊരു പടക്ക ഗോഡൗണിലുണ്ടായ പൊട്ടിത്തെറിയിൽ ഒമ്പതുപേർക്ക് ജീവൻ നഷ്ടമായിരുന്നു. പിന്നാലെയുണ്ടായ ഉദ്യോഗസ്ഥ പരിശോധനയ്ക്കിടയിലാണ് അപകടമുണ്ടായത്.

കൃഷ്ണഗിരിക്കടുത്തുള്ള കേളമംഗലത്തെ ഗോഡൗണിലാണ് സംഭവം. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥൻ പെട്ടി തുറക്കവേയാണ് അപകടമുണ്ടായത്. കൃഷ്ണഗിരി ജില്ലാ റവന്യൂ ഓഫീസർ ബാലാജി, തഹസീൽദാർ, പടക്ക ഗോഡൗൺ മാനേജർ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഹോസൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനേജരുടെ നില ഗുരുതരമാണെന്നാണ് വിവരം.

കൃഷ്ണഗിരിയിലെ ശ്രീ ഓം ക്രാക്കേർസ് എന്ന പടക്ക നിർമ്മാണശാലയിലാണ് കഴിഞ്ഞ മാസം സ്ഫോടനമുണ്ടായത്. അപകടത്തിൽ ഉടമസ്ഥൻ രവി അടക്കം ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.നിരവധി പേർക്ക് പരിക്കേറ്റിരുന്നു. സ്ഫോടനത്തിന്റെ ശക്തിയിൽ മൂന്ന് വീടുകൾ പൂർണമായി തകർന്നു.മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയും തമിഴ്നാട് മുഖ്യമന്ത്രി മൂന്ന് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു. .അപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മറ്റ് പടക്ക ഗോഡൗണുകളിൽ പരിശോധന തുടരവേയാണ് ഇന്ന് വീണ്ടും പൊട്ടിത്തെറിയുണ്ടായത്.